ക്രിസ്റ്റ്യാനോക്ക് ചരിത്രനേട്ടം; 900 ഗോൾ പൂർത്തിയാക്കുന്ന ആദ്യ ഫുട്ബോളറായി

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രനേട്ടത്തിന്റെ നെറുകയില്‍. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമായി. യുവേഫ നേഷന്‍സ് ലീഗ് (UEFA Nations League) മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെയാണ് നാഴികക്കല്ല് താണ്ടിയത്. മാതൃരാജ്യത്തിനായുള്ള ക്രിസ്റ്റ്യാനോയുടെ 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്.
ക്രൊയേഷ്യക്കെതിരെ 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. കരിയറിലെ 900-ാം ഗോള്‍ പിറന്നതോടെ താരം വികാരാധീനനായി നിലത്ത് മുട്ടുകുത്തിവീണു.
ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ലയണല്‍ മെസ്സി കരിയറിലുടനീളം 859 ഗോളുകള്‍ നേടിയിട്ടുണ്ട്.
അതേസമയം പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചയാണ്. സ്‌കോട്ട്ലന്‍ഡാണ് എതിരാളികള്‍. ഈ മാച്ചില്‍ ക്രിസ്റ്റ്യാനോയ്ക്ക് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് വിശ്രമം നല്‍കുമോയെന്ന് കണ്ടറിയണം.
Story Highlights : Cristiano Ronaldo Scores 900th Career Goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here