ഫോഡ് മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു; ചെന്നൈയിൽ വീണ്ടും ഉല്പാദനം ആരംഭിക്കും
ഉല്പാദനവും വിൽപനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോഡ് തിരിച്ചുവരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഫോഡ് ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നത്. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ അനുമതി ഫോഡ് തേടി കഴിഞ്ഞു. മറൈമലൈനഗറിൽ 350 ഏക്കറിലെ പ്ലാന്റാണ് ഫോഡിനുള്ളത്.
നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു.
രാജ്യത്ത് കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫോഡ് ഇന്റർനാഷനൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെയായി എൻഡവറും റാപ്റ്ററും ഇന്ത്യൻ നിരത്തുകളിൽ കണ്ടതോടെ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ഊഹാപോഹങ്ങൾക്ക് ശക്തികൂട്ടിയിരുന്നു.
ഇന്ത്യയിലെ നിർമാണം പുനരാരംഭിക്കുന്നതിന്റെ സാധ്യത തേടി ഫോർഡ് അധികൃതർ ഈ മാസം അവസാനം തമിഴ്നാട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും.
ഫോർഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകൾ ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കാൻ ആലോചനയുണ്ടെന്നാണ് വിവരം. ഒപ്പം എൻഡവറും ഇവിടെ ഒരുങ്ങിയേക്കും. നഷ്ടം കുമിഞ്ഞുകൂടിയതും വളർച്ചയുടെ അഭാവവും മൂലവുമാണ് 2021-ൽ ഫോഡ് ഇന്ത്യ വിട്ടത്. സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യ വിട്ടത്.
Story Highlights : Ford to restart manufacturing in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here