‘ചെലവായ തുകയുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിടണം; ഇടതു സർക്കാരിന്റെ ഏറ്റവും പുതിയ കൊള്ള’; കെ സുധാകരൻ
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ചെലവ് കണക്കുകൾ അവിശ്വസനീയമെന്ന് കെ.സുധാകരൻ പറഞ്ഞു. ചെലവായ തുകയുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിട്ടില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. ഇടതു സർക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിതെന്ന് അദ്ദേഹം വിമർശിച്ചു. ദുരന്തം ഉണ്ടാകാൻ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സർക്കാരിന്റെ പ്രവർത്തികളെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് സർക്കാരിന് വിശദമായ കണക്ക് സമർപ്പിക്കേണ്ടിവന്നത്. അല്ലെയെങ്കിൽ ഇതൊന്നും പുറത്തുവരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read Also: വയനാട് ദുരന്തം; വ്യാജ വാർത്ത അർഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കം, മുഖ്യമന്ത്രി
ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെയാണ് സർക്കാർ അപമാനിച്ചത്. വയനാടിന്റെ കരളലയിക്കുന്ന ദുരന്തത്തിൽ മനസലിഞ്ഞ് മുണ്ടുമുറുക്കിയുടുത്ത് സഹായഹസ്തം നീട്ടിയവരെയാണ് സർക്കാർ വഞ്ചിച്ചതെന്ന് കെ സുധാകരൻ പറഞ്ഞു. അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കണക്കുകളെ ദുരന്ത മേഖലയിൽ ചിലവഴിച്ച തുക എന്ന തരത്തിൽ അവാസ്‌തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : K Sudhakaran against data of cost of Wayanad landslide rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here