എവര്‍ട്ടണന് ഇനി അമേരിക്കന്‍ മുതലാളി; ക്ലബ്ബ് ഏറ്റെടുക്കുന്നത് ഫ്രീഡ്കിന്‍ ഗ്രൂപ്പ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ എവര്‍ട്ടനെ ഏറ്റെടുക്കാനൊരുങ്ങി യു.എസിലെ വ്യവസായി ഡാന്‍ ഫ്രീഡ്കിന്‍. ഇദ്ദേഹം ചെയര്‍മാനായ ബിസിനസ് ഗ്രൂപ്പ് അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച അന്തിമ കരാറില്‍ ഒപ്പ് വെക്കും. നിലവിലെ ഉടമ ഫര്‍ഹാദ് മോഷിരിയുടെ 94.1% നിയന്ത്രിത ഓഹരികളായിരിക്കും ഫ്രീഡ്കിന്‍ ഗ്രൂപ്പ് ഏറ്റെടുക്കുകയെന്ന് ക്ലബ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. ടെക്‌സസ് ആസ്ഥാനമായുള്ള ഡാന്‍ ഫ്രീഡ്കിന്റെ സ്ഥാപനം ഓട്ടോമോട്ടീവ്, വിനോദം, ഹോസ്പിറ്റാലിറ്റി, സ്‌പോര്‍ട്‌സ് എന്നിവയില്‍ നിക്ഷേപം നടത്തിവരികയാണ്. സീരി എ ക്ലബ് ആയ റോമയുടെ ഉടമസ്ഥത ഈ ഗ്രൂപ്പിനാണ്. പ്രീമിയര്‍ ലീഗ്, ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി എന്നിവയുടെ അംഗീകാരത്തിന് വിധേയമായിരിക്കും കൈമാറ്റ കരാര്‍. ഏകദേശം 400 മില്യണിലധികം പൗണ്ട് ക്ലബ് ഏറ്റെടുക്കുമ്പോള്‍ ഫ്രീഡ്കിന്‍ ഗ്രൂപ്പില്‍ നിന്ന് ഫര്‍ഹാദ് മോഷിരിക്ക് ലഭിക്കും. ചെറിയ ശതമാനം ഓഹരി മാത്രമാകും ഏറ്റെടുക്കലിന് ശേഷം മോഷിരിക്ക് ക്ലബില്‍ ഉണ്ടായിരിക്കുക. ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് 5.7 ബില്യണ്‍ പൗണ്ടാണ് ഡാന്‍ ഫ്രീഡ്കിന്റെ ആസ്തി.
Read Also: വേഗത്തില്‍ നൂറ് ഗോള്‍; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പം എര്‍ലിങ് ഹാളണ്ട്
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ ലീഗിലെ പത്താമത്തെ ക്ലബ്ബായി എവര്‍ട്ടണ്‍ മാറും. ബ്രിട്ടീഷ്-ഇറാന്‍ വ്യവസായി ആയ മോഷിരി ഭരണത്തിന് ഈ കരാര്‍ ഒരു സമാപനം നല്‍കും. ബ്രിട്ടീഷ്-ഇറാനിയന്‍ വ്യവസായി ആയ ഫര്‍ഹാദ് മോഷിരി 750 മില്യണിലധികം പൗണ്ട് നിക്ഷേപം നടത്തി. 2016 മുതലാണ് ഫര്‍ഹാദ് മോഷിരിയുടെ ബ്ലൂ ഹെവന്‍ ഗോള്‍ഡിങ്‌സ് ക്ലബിന്റെ ഉടമസ്ഥ അവകാശത്തിലേക്ക് വന്നത്. എന്നാല്‍ ഇദ്ദേഹം പ്രധാന ഉടമയായതോടെ മറ്റു ഷെയര്‍ ഹോള്‍ഡേഴ്‌സ് അസംതൃപ്തരായിരുന്നു. ഈ അസ്വരാസ്യങ്ങള്‍ ടീമിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ മൂന്ന് സീസണുകളിലും യഥാക്രമം 16, 17, 15 സ്ഥാനങ്ങളിലായിരുന്നു ക്ലബ്. പ്രീമിയര്‍ ലീഗ് സാമ്പത്തിക നിയമം ലംഘിച്ചതിന് രണ്ട് സീസണില്‍ ക്ലബ് നടപടി നേരിടുകയും ചെയ്തു.
Read Also: ആര്‍സനലിന് മുമ്പില്‍ സമനിലയില്‍ കുരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
മോഷിരിയുടെ 94% ശതമാനത്തിലധികം വരുന്ന ഓഹരികള്‍ വാങ്ങാമെന്നുള്ള ഉടമ്പടി ഇക്കഴിഞ്ഞ ജൂണില്‍ ഫ്രെഡ്കിന്‍ ഗ്രൂപ്പ് തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുപാര്‍ട്ടികളും ധാരണയിലെത്താത്തതിനെത്തുടര്‍ന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. മിയാമി ആസ്ഥാനമായുള്ള 777 പങ്കാളികള്‍ക്ക് കൂടി സമ്മതമാകുന്ന തരത്തിലുള്ളതായിരുന്നില്ല കരാര്‍. ഇതാണ് വില്‍പ്പന പിന്നെയും നീളാന്‍ കാരണമായതെന്ന് ഫ്രിഡ്കിന്‍ ഗ്രൂപ്പിന്റെ വക്താവ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എവര്‍ട്ടണ്‍ ക്ലബ്ബിന്റെ ഉടമസ്ഥത കരാറില്‍ എത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ബ്രാംലി-മൂര്‍ ഡോക്കിലെ പുതിയ എവര്‍ട്ടണ്‍ സ്റ്റേഡിയം പൂര്‍ത്തീകരിക്കുന്നത് ഉള്‍പ്പെടെ ക്ലബ്ബിന്റെ പ്രകടനത്തില്‍ സ്ഥിരത കൊണ്ടുവരുന്നത് അടക്കമുള്ളവ ചര്‍ച്ച ചെയ്യുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. എവര്‍ട്ടന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം തന്നെ 200 മില്ല്യന്‍ പൗണ്ട് ഫ്രീഡ്കിന്‍ ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. ഈ തുക കരാറില്‍ ഓഹരിയുടെ ഭാഗമാക്കും. നേരത്തെ മറ്റൊരു അമേരിക്കന്‍ വ്യവസായിയും ക്രിസ്റ്റല്‍ പാലസിന്റെ സഹ-ഉടമയുമായ ജോണ്‍ ടെക്സ്റ്റര്‍ ഏവര്‍ട്ടനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരുന്നെങ്കിലും പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ തടസ്സമാകുകയായിരുന്നു. ഒരു വ്യക്തി ഒന്നിലധികം ടീമുകള്‍ സ്വന്തമാക്കുന്നത് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് എതിരാണ്.
Story Highlights: Billionaire Dan Friedkin is the new owner of Everton FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here