പിതാവിന്റെ താല്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, സഹോദരിയുടെ മകനെ മർദ്ദിക്കാൻ നിർദ്ദേശം നൽകിയിട്ടില്ല;എംഎം ലോറൻസിന്റെ മകൻ എംഎൽ സജീവൻ
അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മകൻ അഡ്വ എംഎൽ സജീവൻ. പിതാവ് തന്നോട് പറഞ്ഞ താല്പര്യം സംരക്ഷിക്കാനാണ് ശ്രമം. മൃതദേഹം വിട്ടുനിൽക്കുന്നതിൽ മുൻപ് പറഞ്ഞ അതെ നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും സജീവൻ ട്വന്റി ഫോറിനോട് പറഞ്ഞു.
സഹോദരിയുടെ മകൻ മിലനെ മർദ്ദിക്കാനായി താൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ല. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഇതിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നുന്നുണ്ട്, ആശയ്ക്ക് പിന്തുണ നൽകിയവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ ബാഹ്യ ഇടപെടൽ വ്യക്തമാകുമെന്നും സജീവൻ വ്യക്തമാക്കി.
എംഎം ലോറൻസിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ തന്നെയും അമ്മ ആശ ലോറൻസിനെയും സിപിഐഎം പ്രവർത്തകർ മർദ്ദിച്ചെന്നാണ് മിലന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്.വനിതകൾ അടങ്ങിയ സിപിഐഎം റെഡ് വളണ്ടിയർമാരാണ് മർദ്ദിച്ചത്. സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎൽ സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നു.
Read Also: ADGP-RSS കൂടിക്കാഴ്ച: അന്വേഷണത്തിന് സർക്കാർ ഉത്തരവ്; ആർ എസ് എസ് നേതാവിന് നോട്ടീസ്
അതേസമയം, എംഎം ലോറൻസിന്റെ മൃതദേഹം മകൾക്ക് വിട്ടു നൽകണോ, മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ നൽകണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ യോഗം ആരംഭിച്ചു.കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ നോട്ടീസ് നൽകിയതിനെ തുടർന്ന് ലോറൻസിന്റെ മക്കൾ മെഡിക്കൽ കോളേജിൽ എത്തി. മക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാവും വിഷയത്തിൽ തീരുമാനമെടുക്കുക. ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി.
ശനിയാഴ്ച ഉച്ചയ്ക്കാണ് മുതിർന്ന സിപിഐ എം നേതാവ് എംഎം ലോറൻസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമെന്ന് മകൻ അഡ്വ എംഎൽ സജീവനും മകൾ സുജാത ബോബനും അറിയിച്ചിരുന്നു. എന്നാൽ, മൃതദേഹം ക്രൈസ്തവാചാരപ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്ന ആവശ്യവുമായി മറ്റൊരു മകളായ ആശ ലോറൻസ് രംഗത്തെത്തിയതാണ് തർക്കത്തിന് കാരണമായത്.
Story Highlights : No instruction to beat up sisters son milan ML Sajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here