അർജുന്റെ കുടുംബത്തിന് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച് കർണാടക; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ട്. കർണാടക പൊലീസും കാർവാർ എംഎൽഎ സതീഷ് സെയിലും യാത്രയിൽ ആംബുലൻസിനെ അനുഗമിക്കും.
മൃതദേഹം അർജുന്റെത് എന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിൽ ആക്കിയത്. നാളെ രാവിലെ 6 മണിക്ക് അർജുന്റെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കും.
ഇതിനിടെ അർജുന്റെ കുടുംബത്തിനു കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കാർവാർ എംഎൽഎ സതീഷ് സെയിൽ സഹായധനം അർജുന്റെ അമ്മയ്ക്ക് കൈമാറും. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
CP2 പോയിന്റിൽ 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കരയ്‌ക്കെത്തിച്ചത്. ലോറി പൂർണ്ണമായും ചെളിക്കുള്ളിലായിരുന്നു. ജൂലൈ 16 ന് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് ലോറിയിൽ ലോഡുമായി പോയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അപകടത്തിപ്പെടുന്നത്.
മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഗംഗിവലിപ്പുഴയിൽ തുടരുന്നുണ്ട്.
Story Highlights : Karnataka govt hand over Arjun’s body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here