എം.എം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹര്‍ജി നൽകി
അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മകള്‍ ആശ ലോറൻസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എംഎം ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കണമെന്ന കളമശേരി മെഡിക്കല്‍ കോളജ് സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് ആശ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി.
മതാചാരപ്രകാരം സംസ്കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും. നേരത്തെ മൃതദേഹം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ആശ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉപദേശക സമിതി രൂപീകരിച്ച് വിഷയം തീര്‍പ്പാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് സമിതി പരാതിക്കാരെ കേട്ടശേഷം വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.
എം എം ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാൻ തീരുമാനമെടുത്ത സുജാത ഇന്നലെ മെഡിക്കൽ കോളജ് കമ്മിറ്റിക്ക് മുൻപാകെ രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. തുടർന്ന് വിഷയം കുടുംബപ്രശ്നമായതോടെ മതാചാരപ്രകാരം സംസ്കരിക്കാൻ താത്പര്യപ്പെടുന്നതായി വാക്കാൽ കമ്മിറ്റി മുൻപാകെ അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് മുതിർന്ന സിപിഐ എം നേതാവ് എംഎം ലോറൻസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമെന്ന് മകൻ അഡ്വ എംഎൽ സജീവനും മകൾ സുജാത ബോബനും അറിയിച്ചിരുന്നു. എന്നാൽ, മൃതദേഹം ക്രൈസ്തവാചാരപ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്ന ആവശ്യവുമായി മറ്റൊരു മകളായ ആശ ലോറൻസ് രംഗത്തെത്തിയതാണ് തർക്കത്തിന് കാരണമായത്.
Story Highlights : M M Lawrence’s daughter Asha in High court again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here