Advertisement

നവീൻ ബാബു ഇറങ്ങിയ ഇടങ്ങളിലൊന്നും സിസിടിവി ഇല്ല; വഴിമുട്ടി അന്വേഷണം സംഘം

October 17, 2024
Google News 2 minutes Read
naveen babu

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണസംഘത്തെ കുഴച്ച് സിസിടിവി. കണ്ണൂരിലെ യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ ഡ്രൈവർ ഷംസുദ്ധീൻ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലാക്കാൻ കൊണ്ടുപോയെങ്കിലും അദ്ദേഹം വഴിയിൽ ഇറങ്ങുകയാണ് ചെയ്തത്.തിരികെ ഓട്ടോറിക്ഷയിൽ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ വന്നിറങ്ങിയ സ്ഥലത്തും സിസിടിവി ഇല്ല. നവീൻ വന്നിറങ്ങിയ ഓട്ടോറിക്ഷയെകുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടുപിടിക്കാനും സാധിച്ചിട്ടില്ലായെന്നുള്ളതും സംഘത്തിന് വെല്ലുവിളിയാണ്.

യാത്രയയപ്പ് യോഗത്തിന് ശേഷം അല്പസമയം തന്റെ ക്യാബിനിൽ ഇരുന്ന നവീൻ കിട്ടിയ ഉപഹാരങ്ങൾ ഒന്നും കൈയിൽ എടുക്കാതെ തന്റെ ഔദ്യോഗിക വാഹനത്തിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. വഴിയിൽവെച്ച് കാറിൽ നിന്നിറങ്ങിയ നവീനോട് കാത്തുനിൽക്കണോ എന്ന ഡ്രൈവറുടെ ചോദ്യത്തിന് ‘വേണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അവിടെ നിന്നാണ് ഒരു ഓട്ടോയിൽ കയറി നവീൻ പോകുന്നത്.

പത്തംഗസംഘമാണ് എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്നത്. ടൌൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മരണത്തിൽ സഹോദരൻ കെ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളുടെയും നവീനിന്റെ സഹപ്രവർത്തകരുടെയും വിശദമായ മൊഴിയെടുക്കാനായി സംഘം പത്തനംതിട്ടയിലേക്ക് ഇന്ന് തിരിക്കാനിരിക്കുകയാണ്. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയും ഇതിനകം തന്നെ രേഖപ്പെടുത്തും.

Read Also: കെട്ടിച്ചമച്ചതോ?; നവീൻ ബാബു അഴിമതിരഹിത പട്ടികയിലെ ആദ്യസ്‌ഥാനക്കാരിൽ ഒരാൾ, ദിവ്യയുടെ ചെയ്​തി ആര്‍ക്ക് വേണ്ടി?

പിപി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെയാണ് കണ്ണൂരിലെ ക്വാർട്ടേഴ്സിനകത്തെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ എഡിഎം നവീൻ ബാബുവിനെ കണ്ടെത്തുന്നത്. ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടിത്തൂക്കി മരിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കണ്ണൂരിൽനിന്ന് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബു, അടുത്ത ദിവസം പത്തനംതിട്ടയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു വിയോഗം.

കഴിഞ്ഞദിവസം വൈകിട്ടാണ് കണ്ണൂർ കലക്ടറേറ്റിൽ നവീനുള്ള യാത്രയയപ്പ് യോഗം നടന്നത്. ആ പരിപാടിയിൽ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപ്രതീക്ഷിതമായെത്തി വിമർശനമുന്നയിക്കുകയായിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എം വൈകിച്ചുവെന്നും അവസാനം സ്ഥലംമാറി പോകുന്നതിനു തൊട്ടുമുൻപ് അനുമതി നൽകിയെന്നുമായിരുന്നു പി പി ദിവ്യയുടെ ആരോപണം. എൻഒസി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നു പറഞ്ഞ ദിവ്യ, എഡിഎമ്മിന് ഉപഹാരം നൽകുന്ന ചടങ്ങിൽ താനുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്. ആ കാരണങ്ങൾ രണ്ടു ദിവസം കൊണ്ട് നിങ്ങൾ അറിയുമെന്നും ദിവ്യ പറഞ്ഞിരുന്നു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.എന്നാൽ നവീന്റെ മരണവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പ്രതികരണമോ പ്രസ്താവനയെ പിപി ദിവ്യ അറിയിച്ചിരുന്നില്ല എന്നതും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ദിവ്യയുടെ നിലപാട് തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.നവീന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടത്തും റവന്യു ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.

Story Highlights : There is no CCTV in any of the places where Naveen Babu landed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here