പന്തിനെ രക്ഷിക്കാന്‍ ക്രീസില്‍ ചാടിയും കൂകിവിളിച്ചും സര്‍ഫറാസിന്റെ വെപ്രാളം; ന്യൂസിലാന്‍ഡിന് കുറഞ്ഞ വിജയലക്ഷ്യം
സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ടെസ്റ്റ് സംഘം വിയര്‍ക്കുന്ന വാര്‍ത്തകളാണ് മത്സരം തുടങ്ങിയത് മുതല്‍. ഒടുവിലിതാ നാലാംദിനത്തില്‍ ന്യൂസിലാന്‍ഡിന് 107 റണ്‍സ് എന്ന കുറഞ്ഞ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 356 റണ്‍സായിരുന്നു ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാനും റിഷഭ് പന്തും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷയേറ്റിയെങ്കിലും 462 റണ്‍സിന് ഓള്‍ ഔട്ടായി. 107 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ കിവിപട നാലാം ദിനത്തില്‍ നാലു പന്തുകള്‍ കളിച്ചെങ്കിലും റണ്‍സെടുത്തില്ല. വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയും ചെയ്തു. ടോം ലഥാമും ഡെവോണ്‍ കോണ്‍വെയുമാണ് ക്രീസില്‍.
അതിനിടെ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ കാണികള്‍ക്ക് കൗതുകകരമായ രംഗങ്ങളും ബംഗളുരുവിലെ സ്റ്റേഡിയത്തിലുണ്ടായി. 55-ാം ഓവറില്‍ പന്തും സര്‍ഫറാസും റണ്‍സെടുക്കുന്നതിനിടെ ഓട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഷ്ടിച്ചാണ് പന്ത് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. മാറ്റ് ഹെന്റിയുടെ ഔട്ട് സ്വിംഗര്‍ തട്ടിയിട്ട് ഇരുവരും റണ്‍സിനായി ഓടുകയായിരുന്നു. ആദ്യ റണ്‍ പൂര്‍ത്തിയാക്കി രണ്ടാം റണ്ണിന് ശ്രമിക്കവെയാണ് രസകരമായ രംഗമുണ്ടായത്. ഒരു ഭാഗത്ത് നിന്ന് സര്‍ഫറാസും മറുഭാഗത്ത് നിന്ന് പന്തും ക്രീസ് വിട്ടിരുന്നു. എന്നാല്‍ സംഗതി പന്തിയല്ലെന്ന് കണ്ട സര്‍ഫറാസ് തിരികെ ക്രീസിലേക്ക് കയറി. ക്രീസ് വിട്ട് കുറച്ചധികം പുറത്തായിരുന്ന പന്തിന് സൂചന നല്‍കുകയായിരുന്നു. പന്ത് ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സര്‍ഫറാസിന്റെ സാധാരണ ആംഗ്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. ഇതോടെയാണ് ക്രീസില്‍ ചാടിയും കൂകി വിളിച്ചും ഋഷഭ് പന്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അപകടം മനസിലാക്കിയ പന്ത് തിരികെ ക്രീസിലേക്ക് ഓടിക്കയറുന്നതിനിടെ കീപ്പര്‍ പന്ത് വിക്കറ്റിലേക്ക് ഏറിഞ്ഞു. തലനാരിഴക്ക് പന്ത് സ്റ്റമ്പില്‍ തൊടാതെ പോയി. ഇതോടെ പന്ത് റണ്‍ ഔട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മത്സരത്തില്‍ സര്‍ഫറാസ് 150 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് സെഞ്ചുറിക്ക് ഒരു റണ്‍ മാത്രം ശേഷിക്കെ ഔട്ടായി. 177 റണ്‍സ് മുതല്‍ക്കൂട്ടിയ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇരുവരും കാഴ്ച്ചവെച്ചത്. നേരത്തെ മഴ കാരണം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരം വൈകിയാണ് പുനരാരംഭിക്കാനായത്.
Story Highlights: India vs New Zealand cricket test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here