Advertisement

പാറി പറന്ന് പച്ച പതാക: പ്രിയങ്കയുടെ റോഡ് ഷോയിൽ ലീ​ഗ് പതാക

October 23, 2024
Google News 2 minutes Read

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികളിൽ നിന്നും മുസ്ലിം ലീഗ് പതാക ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കായിരുന്നു വഴി വെച്ചത്. 2019 ലെ തിരഞ്ഞെടുപ്പ് സമയത്ത് ലീഗ് പതാക ഉപയോഗിച്ചത് ഉത്തരേന്ത്യയിൽ ബി ജെ പി കോൺഗ്രസിനെതിരായ പ്രചരണ ആയുധമായി ഉപയോഗിച്ചിരുന്നു. ലീഗിന്റെ പതാക പാകിസ്താൻ പതാക എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു പ്രചരണം നടത്തിയത്. കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെ ഈ പ്രചരണത്തിന് ചുക്കാൻ പിടിച്ചു.

കഴിഞ്ഞതവണ വയനാട് വയനാട് പാകിസ്താനിലാണോ എന്ന ആക്ഷേപം വരെ ഉയർന്നിരുന്നു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് പാകിസ്താൻ പതാക വയനാട്ടിൽ പറത്തി എന്ന ആക്ഷേപം ഉന്നയിച്ചത്. ഇതിന് പിന്നാലെ പതാകയുടെ ഉപയോഗം സംബന്ധിച്ച് വളരെ ജാഗ്രതയോടെയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ മുൻകരുതൽ എടുത്തിരുന്നു. കൊടികൾ പൂർണമായി ഒഴിവാക്കി ബലൂണുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ തവണ ഉത്തരേന്ത്യയിൽ കൂടി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രചരണത്തിൽ നിന്നും ലീഗ് പതാക ഒഴിവാക്കാനുള്ള തീരുമാനം. എന്നാൽ ഇപ്പോൾ രാഹുൽ ​ഗാന്ധി മണ്ഡലം ഒഴിഞ്ഞതോടെ പ്രിയങ്കാ ​ഗാന്ധി മണ്ഡലം പിടിക്കാനെത്തിയിരിക്കുകയാണ്. പ്രിയങ്കയുടെ റോഡ് ഷോയിൽ ലീ​ഗ് പതാക ഉയരുമോ എന്നതായിരുന്നു ആകാംഷ നിറച്ചത്. ഇത്തവണയും കൊടി തോരണങ്ങൾ പൂർണമായി ഒഴിവാക്കി ത്രിവർണ ബലൂണുകളാണ് റോഡ് ഷോയിൽ നിറഞ്ഞത്. എന്നാൽ ലീ​ഗിന്റെ പതാക പ്രിയങ്കയുടെ റോഡ് ഷോയിൽ പാറി പറന്നു. എന്നാലും കൊടി തോരണങ്ങൾ കുറച്ചുകൊണ്ട് തന്നെയാണ് പ്രിയങ്കയുടെ റോഡ് ഷോ നടന്നത്.

ലീഗിന്റെ രണ്ട് പച്ച പതാകൾക്കപ്പുറത്ത് മറ്റ് വലിയ കൊടി തോരണങ്ങൾ റോഡ് ഷോയിൽ ഉപയോഗിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം രണ്ട് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനാൽ കൊടിയുടെ പേരിൽ വീണ്ടും ഒരു രാഷ്ട്രീയ വിവാദം ഉണ്ടാകാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ജാഗ്രത പുലർത്തുന്നുണ്ട്. അതേസമയം കൊടികൾ ഉപയോഗിച്ചില്ലല്ലോ എന്ന വിമർശനം ഉയർത്താനും എതിരാളികൾക്ക് അവസരം നൽകുന്നില്ല. ലീഗിന്റെ പച്ച പതാക റോഡ് ഷോയിൽ ഇടം നേടിയിട്ടുണ്ട്.

പതാക ഒഴിവാക്കുന്നതിൽ എല്ലാ കാലത്തും അണികൾക്കിടയിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീ​ഗിൻ്റെ ഭാ​ഗത്തുനിന്നും അതിന് വിമർശനമുയർന്നിരുന്നു. രാഹുൽ ​ഗാന്ധിയുടെ വിജയ ശേഷവും ലീ​ഗ് പതാക വിവാദം തുടർന്നിരുന്നു. ഒരേ മുന്നണിയിലെ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സം​ഘർഷത്തിലേക്ക് നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക ഉയർത്തിയതിനെ തുടർന്ന് മലപ്പുറം അരീക്കോട് എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയ ആഘോഷത്തിനിടെ മുസ്‌ലിം ലീഗ് പതാക വീശിയത് കെഎസ്‍യു പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അടിപിടിയുണ്ടായത്.

Story Highlights : Wayanad By election: Muslim League flag in Priyanka gandhi’s roadshow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here