ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ മരിച്ച നിലയിൽ
ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടവുമായെത്തിയതിന് പിന്നാലെ കാണാതായ ടാക്സി ഡ്രൈവർ മരിച്ച നിലയിൽ. തിരുവനന്തപുരം ഒരുവാതിൽകോട്ട സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. സ്വന്തം കാറിനുള്ളിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇയാൾ ഓസ്ട്രേലിയൻ സ്വദേശികളെ ചെന്നൈ എയർപോർട്ടിൽ കൊണ്ടുവിടാൻ എത്തിയത്. അതിന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ രാധാകൃഷ്ണന്റെ ഭാര്യ പരാതി നല്കുകയും ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ അവിടെ തന്നെയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് രാധാകൃഷ്ണന്റെ മൃതദേഹം കാറിനകത്തുനിന്ന് കണ്ടെത്തുന്നത്. കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു. അമിതമായി മദ്യപിച്ചതാണോ മരണകാരണം എന്ന സംശയത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Highlights : Malayali taxi driver dead in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here