‘പുതുവഴിയിൽ പുതിയ യാത്രയ്ക്ക് തുടക്കമിടുന്ന എൻ നൻപൻ ‘; വിജയ്ക്ക് ആശംസകളുമായി സൂര്യ
തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് താരം ആശംസകൾ അറിയിച്ചത് . തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്.
വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഒക്ടോബർ 27 നാണ് വിജയ്‌യുടെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനം നടക്കുന്നത്. തമിഴ്‌നാട് വില്ലുപുരത്ത് 85 ഏക്കർ സ്ഥലത്താണ് പൊതുസമ്മേളനം നടക്കുന്നത്.
ചടങ്ങിനിടയിൽ നടൻ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകാൻ എന്നും അത്തരത്തിൽ നോക്കുകയാണെങ്കിൽ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. എന്നാൽ ബോസ് വെങ്കട്ട് ഈ അവസരത്തെ മാറ്റിമറിച്ചെന്ന് പറഞ്ഞ സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെയും ദളപതി വിജയ്‌യെ കുറിച്ചും സംസാരിച്ചു.
തനിക്ക് ലയോള കോളേജിൽ പഠിക്കുമ്പോൾ, ഒരു ജൂനിയർ ഉണ്ടായിരുന്നു, ഞാൻ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകൾ. ഒരു വലിയ പാരമ്പര്യത്തിൽ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോൾ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയിൽ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ലവരവായി മാറട്ടെ എന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.
Story Highlights : Actor Suriya Praises thalapathy Vijay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here