സൗദിയെ പിന്നിലാക്കി ഇന്ത്യ; യൂറോപ്പിൻ്റെ വിശ്വസ്ത ഊർജ്ജ പങ്കാളിയായി മുന്നിൽ; പ്രതിദിനം നൽകുന്നത് 3.6 ലക്ഷം ബാരൽ ഇന്ധനം
യൂറോപ്പിലേക്ക് സംസ്കരിച്ച ഇന്ധനം എത്തിക്കുന്ന പ്രധാന രാജ്യമായി ഇന്ത്യ. സൗദി അറേബ്യയെ മറികടന്നാണ് ഇന്ത്യയുടെ മുന്നേറ്റമെന്ന് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയ്ക്ക് മേലെ ഏർപ്പെടുത്തിയ ഉപരോധം ഒന്നുകൂടി കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് സംസ്കരിച്ച ഇന്ധനം വാങ്ങുന്നതിൻ്റെ അളവ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ കൂട്ടി. ഇതോടെ 3.6 ലക്ഷം ബാരൽ ഇന്ധനമാണ് ഒരു ദിവസം ഇന്ത്യയിൽ നിന്ന് വൻകരയിലെത്തുന്നത്.
പതിറ്റാണ്ടുകളായി യൂറോപ്പിന് ഇന്ധനം വിതരണം ചെയ്തിരുന്ന സൗദി അറേബ്യ ഇത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ റഷ്യയിൽ നിന്നുള്ള ഇന്ധനത്തിൻ്റെ ലഭ്യത നിന്നതോടെ പ്രയാസത്തിലായി യൂറോപ്പിന് വലിയ സഹായമായത് ഇന്ത്യയുടെ ഇടപെടലാണ്. റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങുന്നതിന് മുൻപ് പ്രതിദിനം ഒന്നര ലക്ഷം ബാരൽ സംസ്കരിച്ച ഇന്ധനമാണ് ഇന്ത്യൻ കമ്പനികളിൽ നിന്ന് റഷ്യ വാങ്ങിയിരുന്നത്. യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേലെ ഉപരോധം തീർത്തതോടെ ഇത് പ്രതിദിനം 2 ലക്ഷം ബാരലായി ഉയർന്നു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിച്ചാണ് ഇന്ത്യ ഇത് സംസ്കരിച്ച് വിൽക്കുന്നത്. യുദ്ധം തുടർന്നാൽ അടുത്ത വർഷം ഏപ്രിലാകുമ്പോഴേക്കം ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ 20 ലക്ഷം ബാരൽ തൊടുമെന്ന് കെപ്ലർ റിപ്പോർട്ടിൽ റയുന്നു. ഇതോടെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിൻ്റെ 44 ശതമാനവും റഷ്യയിൽ നിന്നാകും.
റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ഇന്ത്യ യൂറോപ്യൻ യൂണിയൻ്റെ വിശ്വസ്ത ഊർജ്ജ പങ്കാളിയാകാൻ ശ്രമം നടത്തിയിരുന്നു. ബാരലിന് 60 ഡോളറിൽ താഴെ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യയിലെത്തിച്ച് സംസ്കരിച്ച ശേഷമാണ് ഇന്ത്യൻ കമ്പനികൾ ഇത് യൂറോപ്പിൽ വിറ്റഴിച്ചത്.
Story Highlights : India Becomes Europe’s Top Refined Fuel Supplier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here