ബിജെപി അനുനയനീക്കം പാളി; സന്ദീപ് വാര്യര്‍ പുറത്തേക്ക്?
ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്‍ന്നാണ് സന്ദീപ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച് നേതാക്കളോട് പറഞ്ഞുകഴിഞ്ഞെന്നാണ് വിവരം. ബിജെപിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഉറച്ച നിലപാട്. സന്ദീപ് ഫുട്‌ബോള്‍ മത്സരം കാണാനായി സ്വന്തം നാട്ടിലുണ്ട്. ഇതിനിടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടും സന്ദീപ് വാര്യര്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. (Sandeep.G.Varier may resign from BJP soon)
സന്ദീപ് വാര്യരോട് പി കെ കൃഷ്ണദാസ് ഉള്‍പ്പെടെ സംസാരിച്ചുവെന്നാണ് വിവരം. തനിക്ക് നേരിട്ട ദുരനുഭവം സന്ദീപ് വാര്യര്‍ പി കെ കൃഷ്ണദാസിനോട് പറഞ്ഞെന്നാണ് വിവരം. മണ്ഡലം കണ്‍വെന്‍ഷനില്‍ വച്ച് പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ മുന്നില്‍ വച്ച് തന്നെ ഒരു ബിജെപി നേതാവ് ഇറക്കിവിട്ടെന്നാണ് സന്ദീപ് വാര്യരുടെ പരാതി. സന്ദീപ് വാര്യരുമായി ട്വന്റിഫോര്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഇപ്പോള്‍ നാട്ടിലെ ഫുട്‌ബോള്‍ മാച്ചിന്റെ തിരക്കിലാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
Read Also: ബിജെപി കൺവെൻഷനിൽ വേണ്ട പരിഗണന നൽകിയില്ല, സന്ദീപ് വാര്യർ പിണങ്ങിപ്പോയി
കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സിപിഐഎം നേതാവ് ചെത്തല്ലൂരില്‍ വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇവര്‍ സംസാരിച്ചത് എന്തെന്ന് വ്യക്തമല്ലെങ്കിലും സന്ദീപ് ബിജെപി വിടാന്‍ തീരുമാനമെടുത്ത് കഴിഞ്ഞെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നത്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നടത്തിയത് ഇ ശ്രീധരന്‍ ആയിരുന്നു. വേദിയില്‍ രണ്ട് റോയില്‍ കൃഷ്ണദാസ്, വി മുരളീധരന്‍, തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടയുള്ള നേതാക്കള്‍ ഇരുന്നിരുന്നു. എന്നാല്‍ സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. കണ്‍വന്‍ഷനില്‍ വേണ്ട പ്രാധാന്യം കിട്ടിയില്ല, അപ്രധാനമായ ചില നേതാക്കള്‍ക്ക് വേദിയില്‍ സീറ്റ് നല്‍കിയെന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ ആ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Story Highlights : Sandeep.G.Varier may resign from BJP soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here