‘വിവരം പുറത്ത് വന്നത് കോണ്‍ഗ്രസിനകത്ത് നിന്ന്, നീല പെട്ടിയില്‍ പണം കൊണ്ടു വന്നു എന്ന് വിവരം ലഭിച്ചു’ : എഎ റഹിം
പാലക്കാട് ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് വിവരം പുറത്ത് പോയത് കോണ്‍ഗ്രസിന് അകത്ത് നിന്നാണെന്ന് എ എ റഹിം. നീല പെട്ടിയില്‍ പണം കൊണ്ടു വന്നു എന്ന് കോണ്‍ഗ്രസില്‍ നിന്ന് വിവരം ലഭിച്ചുവെന്നും റഹിം പറഞ്ഞു. ആദ്യം ടിവി രാജേഷിന്റെ മുറിയാണ് തുറന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിന്ദു കൃഷ്ണ പരിശോധനയോട് സഹകരിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ഷാനിമോള്‍ മണിക്കൂറുകള്‍ മുറി തുറന്നില്ലെന്ന് വ്യക്തമാക്കി. പോലീസ് മുറിയില്‍ തട്ടി. കതകു തുറക്കാതെ വനിതാ പോലീസ് ഇല്ല എന്ന് ഷാനിമോള്‍ എങ്ങനെ മനസിലാക്കിയെന്നും റഹിം ചോദിക്കുന്നു. ഷാനി മോള്‍ പരിശോധനയില്‍ സഹകരിക്കാത്തത് മുതല്‍ സംശയമുയര്‍ന്നുവെന്നും റഹിം ട്വന്റിഫോറിനോട് പറഞ്ഞു.
സമഗ്രമായ പരിശോധന നടക്കേണ്ട ഒരു പ്രത്യേക സമയത്ത് രണ്ട് എം പിമാര്‍ വന്ന് പ്രശ്‌നമുണ്ടാക്കി. മാധ്യമങ്ങളെ തല്ലി. സംഘര്‍ഷം ഉണ്ടാക്കി. നിയമപരമായ പരിശോധനയെ തടഞ്ഞു. എന്തിനായിരുന്നു നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിച്ചു. എല്ലാ മുറികളും പരിശോധിക്കാനല്ലേ അവര്‍ ആവശ്യപ്പെടേണ്ടത്. ഇവിടെ ഉണ്ടായിരുന്ന പണം എംപിമാരുടെ നേതൃത്വത്തില്‍ ബഹളമുണ്ടാക്കിയിട്ട് പുറത്തേക്കോ ഹോട്ടലിലെ മറ്റ് മുറിയിലേക്കോ മാറ്റിയിരിക്കാം. പൊലീസ് പരിശോധിച്ച 12 മുറികളിലും പണം ഇല്ല. ഷാനിമോള്‍ ഉസ്മാന്റെ മുറിയും പരിശോധിച്ചതില്‍ ഉണ്ട്. ആ മുറിയിലും ഇല്ല. തുറക്കാതിരുന്ന ആ മുറിയില്‍ നിന്ന് ഈ ബഹളത്തിനിടയില്‍ ഈ ഹോട്ടലില്‍ ഉണ്ടായിരുന്ന അവരുടെ ഏതെങ്കില്‍ സുഹൃത്തിന്റെ മുറിയിലേക്ക് മാറ്റിയിട്ടുണ്ടാകും – റഹിം ആരോപിച്ചു.
അതേസമയം പാലക്കാട് കെപിഎം ഹോട്ടലില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്ന് എഎസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്.
Story Highlights : AA Rahim about Palakkad hotel raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here