‘സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചയാൾ’; ജയതിലകിനെതിരെ പോര് കടുപ്പിച്ച് എൻ പ്രശാന്ത്
സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ പ്രശാന്ത് ഐഎഎസ്. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോർട്ടിന്റെ കോപ്പി അദ്ദേഹം തന്നെ വാർത്ത ആക്കി.താൻ വിസിൽ ബ്ലോവർ ആണെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
IAS കാരുടെ സർവ്വീസ് ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്. ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാൻ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ, എൻ പ്രശാന്ത് പറയുന്നു.
പൊതുജനമധ്യത്തിൽ സിവിൽ സർവ്വീസിന്റെ ‘വില’ കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവ്വീസിൽ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടതെന്നും എൻ പ്രശാന്ത് ചോദിക്കുന്നു.
അതേസമയം, എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എത്തിയിരുന്നു. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന തരത്തില്‍ താന്‍ മന്ത്രിയായിരുന്ന സമയത്ത് വന്ന ആരോപണത്തിലെ വില്ലന്‍ പ്രശാന്താണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഈ ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയുടേയും പ്രശാന്തന്റേയും ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.
Story Highlights : IAS Officers Fight continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here