ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍
ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്ന് ഇ പി പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് ഇന്നും. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണിത്. ഞാന്‍ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്‌സും, മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിക്കാന്‍ താത്പര്യമറിയിച്ചു. മാതൃഭൂമിയുടെ ശശിയും ഞാനുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അങ്ങനെ നില്‍ക്കുയാണ് പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമം – ഇ പി വിശദീകരിച്ചു.
Read Also: ‘പുസ്തകമിറങ്ങുമ്പോൾ ഉള്ളടക്കമറിയാം’; ഇ. പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവെച്ച് DC ബുക്സ്
ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പുസ്തക പ്രസിദ്ധീകരണത്തിന് താന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല, ചുമതലപ്പെടുത്തിയിട്ടില്ല, അത്തരം കാര്യങ്ങളെ കുറിച്ച് അടിസ്ഥാന രഹിതമായ നിലയില്‍ വാര്‍ത്ത വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് സമഗ്രമായൊരു അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം എന്നുള്ളതാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തില്‍ പറയന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആത്മകഥയില്‍ പറയുന്നു.
അതേസമയം, പുസ്തകത്തിന്റെ പ്രകാശനം ഡി സി ബുക്‌സ് നീട്ടി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Story Highlights : E P Jayarajan filed complaint to DGP on autobiography controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here