ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു; കരാര്‍ ലംഘിച്ചാല്‍ ഉടനടി തിരിച്ചടിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്
ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരും. ഗസ്സയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലെബനനില്‍ നടക്കുന്ന ആക്രമണത്തിന് താത്ക്കാലിക ആശ്വാസമാണ് വെടിനിര്‍ത്തല്‍ കരാറിലൂടെ ഉണ്ടായിരിക്കുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് ഇരുവിഭാഗവും അംഗീകരിച്ചിരിക്കുന്നത്. (Israel agrees to cease-fire with hezbollah)
വെടിനിര്‍ത്തലിന്റെ ഭാഗമായി തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറണമെന്നാണ് വ്യവസ്ഥ. ലിറ്റാനി നദിയുടെ വടക്ക് ഭാഗത്തുനിന്ന് ഹിസ്ബുള്ള തങ്ങളുടെ സൈനിക സാന്നിധ്യവും നിരീക്ഷണവും പൂര്‍ണമായി നീക്കണം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലെബനന്‍ പ്രതികരിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ അംഗീകരിച്ചത്. ഹിസ്ബുള്ള ഏതെങ്കിലും തരത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് വെടിനിര്‍ത്തല്‍ സാധ്യമായത്.
Story Highlights : Israel agrees to cease-fire with hezbollah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here