ഉരുളെടുത്തത് കുടുംബത്തിലെ 11 പേരെ, നൗഫലിന്‍റെ അതിജീവനത്തിന്റെ മധുരക്കട ‘ജൂലൈ 30’ തുറന്നു
ഉരുൾപൊട്ടൽ തകർത്ത മുണ്ടകൈയിലെ നൗഫൽ ഇന്ന് വിധിയെ ചിരിച്ചുകൊണ്ട് പരാജയപ്പെടുത്തുകയാണ്. നന്മയുള്ള കുറേ മനുഷ്യരുടെ സഹായത്തോടെ ഇന്നലെ മേപ്പാടിയിലൊരു റെസ്റ്റോറന്റ് തുറന്നു. ഉരുൾ പൊട്ടൽ ഉണ്ടായ ജൂലൈ 30 എന്നാണ് റസ്റ്റോറന്റിനു പേരിട്ടത്. വയനാട് എംഎൽഎ ടി സിദ്ദിഖ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന്റെ കുത്തിയൊലിക്കുന്ന ഓർമ്മകളുടെ കരുത്തിൽ നൗഫൽ തുടങ്ങിയ ബേക്കറിക്കാണ് ജൂലൈ 30 എന്ന പേര് നൽകിയത്. ദുരന്തത്തിൽ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ട് പോയ നൗഫൽ ഗൾഫിൽ നിന്ന് ദുരന്തഭൂമിയിലേക്കെത്തിയ കാഴ്ച ഇന്നും മലയാളി ഓര്‍ക്കുന്നുണ്ടാകും. കുത്തിയൊലിക്കുന്ന ഓർമ്മകളുടെ കരുത്തിൽ നൗഫൽ ഉയർത്തിയ അതിജീവനത്തിന്റെ മധുരക്കടയെ കുറിച്ചാണ് ടി സിദ്ദിഖ് എംഎൽഎയുടെ കുറിപ്പ്.
സിദ്ദിഖിന്റെ കുറിപ്പ്
‘മേപ്പാടി ടൗണിൽ നൗഫൽ ഒരു സ്നേഹക്കട തുറന്നു. നടുക്കുന്ന ഓർമ്മകളെ ചേർത്തുവെച്ച് അതിനൊരു പേരുമിട്ടു -‘ജൂലൈ 30’. പ്രകൃതി താണ്ഡവമാടിയ ജൂലായ് 30-ലെ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന്റെ കുത്തിയൊലിക്കുന്ന ഓർമ്മകളുടെ കരുത്തിൽ നൗഫൽ ഉയർത്തിയത് അതിജീവനത്തിന്റെ മധുരക്കട… ദുരന്തത്തിൽ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട തീർത്തും ഒറ്റപ്പെട്ട് പോയ നൗഫൽ … ഗൾഫിൽ നിന്ന് ദുരന്തഭൂമിയിൽ വന്നിരുന്ന നൗഫലിനെ ആർക്കും മറക്കാൻ കഴിയില്ല.
‘എന്റെ കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല…’ -ഇടറുന്ന ശബ്‌ദത്തെ തെല്ലൊന്ന് മെരുക്കിക്കൊണ്ട് നൗഫൽ പറഞ്ഞു. ‘ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നേ ഭാര്യ സജ്നയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ… ഇവിടെ ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു പറയാറ്. ഇപ്പോ ബേക്കറിയായപ്പോൾ…’ -നൗഫലിന്റെ വാക്കുകൾ മുറിയുന്നു. മേപ്പാടി-തൊള്ളായിരംകണ്ടി റോഡിലാണ് ‘ജൂലൈ30 റെസ്റ്റോറന്റ് ആൻഡ് ബേക്സ്’ കട തുറന്നതറിഞ്ഞ് എത്തിയവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നൗഫൽ. കടയ്ക്കുള്ളിൽ കയറിയാൽ മാഞ്ഞുപോകാത്തൊരു മുണ്ടക്കെ അങ്ങാടിയെയും കാണാം. ചായങ്ങൾ ചാലിച്ചു വരച്ച പച്ചവിരിച്ച പഴയ മുണ്ടക്കൈ. ഓർമ്മകളിൽ മാത്രമുള്ള മുണ്ടക്കൈ…
കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) ആണ് നൗഫലിനായി അതിജീവനത്തിന്റെ പുതിയ പാത തുറന്നത്. ‘ഉപജീവനത്തിനായി എന്തുതുടങ്ങുമെന്ന് കെ.എൻ.എം. അധികൃതർ ചോദിച്ചപ്പോൾ ബേക്കറി എന്നല്ലാതെ മറ്റൊരു ഉത്തരം എനിക്കുണ്ടായില്ല. ഞങ്ങളുടെ ആഗ്രഹങ്ങളും എന്റെ ഓർമ്മകളും… അങ്ങനെയെല്ലാമാണ് ഈ സ്ഥാപനം’ -നൗഫൽ പറഞ്ഞു. നൗഫലിനെ പോലെ ഒരാൾക്ക് ഇനി പുഞ്ചിരിക്കാൻ കഴിയുമോ? ജീവിതം തിരിച്ച് പിടിക്കാൻ കഴിയുമോ? ഇത്രയും ആഴത്തിൽ ദുഃഖമേറ്റ് വാങ്ങിയ ഒരു മനുഷ്യൻ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.. ഈ ദുരന്തത്തിന്റെ മുറിവ് ഞങ്ങൾ തുന്നിക്കെട്ടും, ഉണക്കിയെടുക്കും… മേപ്പാടി വഴി 900 കാണ്ടിയിലേക്ക് പോകുന്നവർ നൗഫലിന്റെ ‘JULY 30’-ൽ കയറണം.. ചായ കുടിക്കണം.. ആ മധുരമൊന്ന് നുണയണം.. നമ്മളൊക്കെ കൂടെ ഉണ്ടെന്ന് പറയാതെ പറയണം..
Story Highlights : naufal bakery meppadi july 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here