‘ഒരുപാട് സുന്നി വഖഫുകൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറിയിട്ടുണ്ട്’: കാന്തപുരം
സംസ്ഥാനത്ത് ഒരുപാട് സുന്നി വഖഫുകൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറിയിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന മഹല്ല് സാരഥി സംഗമം ‘തജ്‌ദീദി’ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിലെ സുന്നി വഖ്ഫുകളായിരുന്ന മുഹ്‌യിദ്ദീൻ പള്ളി, പട്ടാള പള്ളി, ശാദുലി പള്ളി എന്നിവ വ്യാജ രേഖയുണ്ടാക്കി ഇങ്ങനെ കയ്യേറിയതാണ്. ഈ പള്ളികളിൽ സുന്നി പണ്ഡിതരുടെ ആരാധനകൾ തടസ്സപ്പെടുത്തുന്ന അവസ്ഥ മുമ്പുണ്ടായിരുന്നു. വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണ് കയ്യേറ്റങ്ങൾ എന്നും ഇത്തരം പ്രവർത്തനങ്ങളെ കുറിച്ച് ബോധവാന്മാരാവണമെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യമായി വഖ്ഫ് ചെയ്ത സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാനും വഖ്ഫ് ചെയ്ത വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്താനും മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തണം. നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ നേതൃപരമായ പങ്കുവഹിക്കാൻ മഹല്ലുകൾക്ക് സാധിക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സംഗമത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ മഹല്ലുകളുടെ ഭാരവാഹികൾ പങ്കെടുത്തു.
മുജാഹിദ് നേതാക്കൾ ഉൾപ്പെട്ട ഫറൂഖ് കോളേജ് മാനേജ്‌മെന്റ് മുനമ്പത്തെ വഖ്‌ഫ് സ്വത്ത് അന്യാധീനപ്പെടാനും മറിച്ചുവിൽക്കാനും കൂട്ടുനിന്നു എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
Story Highlights : Sunni waqfs kanthapuram ap muhammed musliyar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here