‘കോണ്‍ഗ്രസാണ് സംരക്ഷിക്കേണ്ടത്, ആവശ്യമെങ്കില്‍ സിപിഐഎം കൂടെ നില്‍ക്കും’; എന്‍എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ വീട്ടിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്‍എം വിജയന്റേയും മകന്റേയും മരണത്തിന് ശേഷവും കോണ്‍ഗ്രസ് നേതൃത്വം കുടുംബത്തെ ആക്രമിക്കുന്നെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസാണ് കുടുംബത്തെ സംരക്ഷിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ സിപിഐഎം കൂടെ നില്‍ക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ആ നിമിഷം തന്നെ കെപിസിസി നേതൃത്വം ഓടിയെത്തേണ്ടതാണ്. എന്താണ് ഇതിന്റെ പിന്നിലുള്ളതെന്ന് മനസിലാക്കേണ്ടതാണ്. അവര്‍ക്ക് തന്നെ കുറേ കാര്യങ്ങള്‍ അറിയേണ്ടതാണ്. വിജയന്റെ കുടുംബത്തെ കുറിച്ച് അവര്‍ പറഞ്ഞത് അന്തവും കുന്തവും ഇല്ലാത്തവര്‍ എന്നല്ലേ? ആ കുടുംബത്തെ സംരക്ഷിക്കണം. ഞങ്ങള്‍ സംരക്ഷിക്കണം എന്ന അവസ്ഥ വന്നാല്‍ സംരക്ഷിക്കും. അതില്‍ യോതൊരു പ്രശ്‌നവുമില്ല – എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
മരണത്തിന് ശേഷവും കുടുംബത്തെ ആക്രമിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉള്‍പ്പോര് ഉണ്ടാക്കിയ ആത്മഹത്യ കൂടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുടുംബത്തെ സംരക്ഷിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും സംരക്ഷണം നല്‍കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് നോക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവിന് പിന്നാലെയാണ് ഐസി ബാലകൃഷ്ണന്‍ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടതെന്നും എംഎല്‍എ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
പിവി അന്‍വര്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അന്‍വറിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ല. അതൊക്കെ ഞങ്ങള്‍ പണ്ടേ വിട്ടതാണെന്നും അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്‌നമേ അല്ലെന്നും ഒരു തരത്തിലും ഞങ്ങളെ ബാധിക്കില്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Story Highlights : CPIM State Secretary MV Govindan visited Wayanad DCC Treasurer NM Vijayan’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here