ശബ്നവും ഗ്രീഷ്മയും, കോടതി വധശിക്ഷ വിധിച്ച രണ്ട് സ്ത്രീകൾ, കേസിലെ സമാനതകൾ

മറ്റൊരാളെ വിവാഹം കഴിക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ ഇല്ലാതാക്കിയ ഗ്രീഷ്മ. കാമുകനൊപ്പം ജീവിക്കാന്‍ കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ ശബ്‌നം അലി. രണ്ട് സ്ത്രീകള്‍, രണ്ട് സാഹചര്യങ്ങള്‍, ഒരേ വിധി – തൂക്കുകയര്‍. രാഷ്ട്രപതിയും കൈവിട്ടതോടെ, ജയിലില്‍ ദിവസങ്ങളെണ്ണി കഴിയുകയാണ് ശബ്‌നം.
മൊറാദാബാദ് അംറോഹയിലെ ബവാന്‍ഖേരി സ്വദേശിയായ ശബ്‌നം ഇംഗ്‌ളീഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. തൊട്ടടുത്ത ഗ്രാമത്തിലെ സ്‌കൂളില്‍ അധ്യാപികയായിരുന്നു. നാട്ടിലെ പ്രമാണികളായിരുന്നു ശബ്‌നത്തിന്റെ കുടുംബം. അച്ഛന്‍ നാട്ടിലെ കോളജില്‍ കലാ അധ്യാപകനായിരുന്നു. ശബ്‌നം അതെ നാട്ടിലെ തന്നെ സലീം എന്നയാളുമായി പ്രണയത്തിലായി. ആറാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയ സലീം കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ശബ്‌നത്തിന്റെ കുടുംബത്തിന് ആ ബന്ധം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. വിവാഹം അനുവദിക്കില്ലെന്ന് കുടുംബം ഉറപ്പിച്ച് പറഞ്ഞു. പക്ഷേ ആ സമയം ശബ്‌നം ഏഴ് ആഴ്ച ഗര്‍ഭിണിയായിരുന്നു.
ഒരുമിച്ചു ജീവിക്കാന്‍ മറ്റുവഴികളില്ലാതെ വന്നതോടെ വീട്ടുകാരെ ഇല്ലാതാക്കാന്‍ ശബ്‌നവും സലീമും തീരുമാനിച്ചു. ഒരു ദിവസം രാത്രി, പിതാവ് ഷൗക്കത്ത് അലി(55), അമ്മ ഹാഷ്മി (50), മൂത്ത സഹോദരന്‍ അനീസ് (35), ഇളയ സഹോദരന്‍ യാഷിദ്(22), അനീസിന്റെ ഭാര്യ അന്‍ജും(25), പത്തുമാസം പ്രായമുള്ള അര്‍ഷ്, ബന്ധുവായ റാബിയ(14) എന്നിവര്‍ക്ക് ശബ്‌നം പാലില്‍ മയക്കുമരുന്ന് കലക്കി നല്‍കി. എല്ലാവരും ഉറങ്ങിയെന്നുറപ്പാക്കിയ ശേഷം സലീമിനെ വിളിച്ചുവരുത്തി. കോടാലിയുമായി എത്തിയ സലീം, ഉറങ്ങിക്കിടന്ന ഓരോരുത്തരുടെയും കഴുത്തറുത്തു. 2008 ഏപ്രില്‍ 14നായിരുന്നു നാടിനെ നടുക്കിയ ആ സംഭവം.
Read Also:പാരസെറ്റമോള്‍ ഗുളിക മുതല്‍ പാരാക്വാറ്റ് വിഷം വരെ, അതിബുദ്ധിയില്‍ കുടുങ്ങിയ ഗ്രീഷ്മയുടെ ആയുധങ്ങള്‍
വീട്ടിനുള്ളിലേക്ക് കടന്നുവന്ന കൊള്ളക്കാര്‍ വീട്ടിലെ അംഗങ്ങളെ ഒന്നൊന്നായി കോടാലിക്ക് വെട്ടി കൊന്നുകളഞ്ഞെന്നാണ് ഓടിക്കൂടിയ അയല്‍വാസികളോടും പൊലീസിനോടും ശബ്‌നം പറഞ്ഞത്. എന്നാല്‍ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ പൊലീസ് ശബ്നത്തിന്റെ മൊബൈല്‍ കോള്‍ ഹിസ്റ്ററിയടക്കം പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പിന്നീടുള്ള അന്വേഷണത്തില്‍ സലീമിന്റെയും ശബ്നത്തിന്റെയും ചോരക്കറ പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഇരുവരും കുളത്തില്‍ ഉപേക്ഷിച്ച വസ്ത്രമായിരുന്നു ഇത്. വീട്ടിനുള്ളില്‍ നിന്ന് ബയോപോസ് എന്നൊരു മയക്കുമരുന്ന് ഗുളികയുടെ കാലി സ്ട്രിപ്പുകലും പൊലീസ് കണ്ടെത്തി. കഴുത്തില്‍ കോടാലികൊണ്ട് വെട്ടേറ്റുണ്ടായ മുറിവൊഴിച്ചാല്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തിലെവിടേയും യാതൊരു പരിക്കുമുണ്ടായിരുന്നില്ല. കിടക്കയില്‍ കൊല്ലപ്പെട്ട് കിടക്കുകയാണെങ്കിലും ആരുടെയും കിടക്കവിരികള്‍ പോലും ചുളുങ്ങിയിരുന്നില്ല. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പുതന്നെ ശരീരത്തിലേക്ക് മയക്കുമരുന്ന് കടന്നുചെന്നിട്ടുണ്ട് എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. അതോടെ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായി.
ജയിലില്‍ കഴിയവെ 2008 ഡിസംബറില്‍ ശബ്‌നം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 2010 ജൂലൈയില്‍ ജില്ലാ കോടതി ശബ്‌നത്തിനും സലീമിനും വധശിക്ഷ വിധിച്ചു. മകനുമായി ഒന്നിച്ചുജീവിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും പുനഃപരിശോധനാ ഹര്‍ജി തള്ളി. 2016ല്‍ രാഷ്ട്രപതി ദയാഹര്‍ജിയും തള്ളി. ഇതോടെ പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ശബ്നം രാംപൂര്‍ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് വധശിക്ഷകാത്തിരിക്കുന്നത്. ശബ്‌നമിനെ കഴുമരത്തിലേറ്റേണ്ട അവസാന ഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് ജയില്‍ അധികൃതര്‍. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ശബ്നത്തെയും തൂക്കിലേറ്റുക.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷ വിധിക്കപ്പെട്ട സ്ത്രീയാണ് രത്തൻ ബായ് ജെയിൻ. മൂന്ന് പെൺകുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 1955 ജനുവരി 3 നായിരുന്നു ഇവരെ തിഹാർ ജയിലിൽ തൂക്കിലേറ്റിയത്. ഒരു സ്‌റ്റെറിലിറ്റി ക്ലിനിക്കിൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന അവർ തൻ്റെ ക്ലിനിക്കിലെ ജോലിക്കാരായ പെൺകുട്ടികൾക്ക് ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് അവരെ കൊലപ്പെടുത്തുകയായിരുന്നു.
Story Highlights : Shabnam Ali and Greeshma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here