Union Budget 2025: കേന്ദ്രബജറ്റിൽ വമ്പൻ പ്രഖ്യാപനത്തിന് സാധ്യത; പിഎംജെജെബിവൈ, പിഎംഎസ്ബിവൈ കവറേജ് 5 ലക്ഷത്തിലേക്ക് ഉയർത്തും?

കേന്ദ്ര ബജറ്റിൽ പ്രധാനമന്ത്രിയുടെ പേരിലുള്ള രണ്ട് ഇൻഷുറൻസിൻ്റെ കവറേജ് തുക കേന്ദ്ര സർക്കാർ വർധിപ്പിച്ചേക്കും. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാന മന്ത്രി സുരക്ഷാ ബീമ യോജന എന്നിവയിൽ വർധനവുണ്ടാകുമെന്നാണ് വിഷയവുമായി നേരിട്ട് ബന്ധമുള്ള രണ്ട് പേരെ ഉദ്ധരിച്ച് ലൈവ് മിൻ്റ് റിപ്പോർട്ട് ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ജീവിതം കൂടുതൽ ഭദ്രമാക്കുന്ന നിലയിൽ 2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യം കൂടെ മുൻനിർത്തിയാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഒരു ലൈഫ് ഇൻഷുറൻസാണ്. ഏത് കാരണത്താൽ മരണം സംഭവിച്ചാലും രണ്ട് ലക്ഷം രൂപയാണ് നിലവിൽ ഈ സ്കീം വഴി നൽകുന്നത്. ഓരോ വർഷവും പുതുക്കേണ്ടതാണ് ഈ പരിരക്ഷ. 436 രൂപയാണ് ഈ ഇൻഷുറൻസ് പുതുക്കാൻ വർഷം തോറും അടക്കേണ്ടത്. ഇതുവഴിയുള്ള പരിരക്ഷാ പരിധി അഞ്ച് ലക്ഷമായി ഉയർത്തുമെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇക്കാര്യവും പ്രഖ്യാപിക്കും. കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കിൽ ഈ ഇൻഷുറൻസ് പരിരക്ഷയുടെ ആനുകൂല്യം 210 ദശലക്ഷം പേർക്ക് ലഭിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. 860575 ക്ലെയിമുകളിലായി ആകെ 17211.50 കോടി രൂപ 2024 ഒക്ടോബർ 20 വരെ ഈ ഇൻഷുറൻസ് പദ്ധതിയിൽ നൽകിയതായാണ് ഏറ്റവും ഒടുവിലെ ലഭ്യമായ കണക്ക്.
പ്രധാന മന്ത്രി സുരക്ഷാ ബീമ യോജന അപകടവുമായി ബന്ധപ്പെട്ടുള്ളതാണ്. വർഷം തോറും 20 രൂപാ വീതമടച്ച് പുതുക്കേണ്ട ഈ പരിരക്ഷയിലൂടെ രണ്ട് ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കും. ഇതിൻ്റെ പരിരക്ഷയും അഞ്ച് ലക്ഷത്തിലേക്ക് ഉയർത്താനാണ് ആലോചിക്കുന്നത്. പ്രീമിയം തുകയും ഇതിൻ്റെ ഭാഗമായി ഉയർത്തുമോയെന്നതടക്കം നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. ഇവയ്ക്ക് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ.
2022 നവംബറിലാണ് കേന്ദ്രസർക്കാർ 2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തിലേക്ക് പദ്ധതി ആവിഷ്കരിച്ചത്. രാജ്യത്തെ എലലാ ജനങ്ങൾക്കും ജീവൻ, ആരോഗ്യം, ആസ്തി ഇൻഷുറൻസ് ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.
Story Highlights : Insurance coverage under PMJJBY and PMSBY may be doubled in the upcoming budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here