Advertisement

ടി20 പരമ്പര: ഇന്ത്യയുടെ മൂന്നാം ജയത്തിന് കടിഞ്ഞാണിട്ട് ഇംഗ്ലണ്ട്; വിജയം 26 റണ്‍സിന്

January 28, 2025
Google News 1 minute Read
England Team

മൂന്ന് മാച്ചുകളില്‍ തുടര്‍ച്ചയായി വിജയം വരിച്ച് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കാമെന്ന് ഇന്ത്യയുടെ സ്വപ്‌നം 26 റണ്‍സ് അകലത്തില്‍ പൊലിഞ്ഞു. രാജ്കോട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷകളത്രയും എറിഞ്ഞിട്ട ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റണ്‍സ് ആയിരുന്നു ഇന്ത്യക്ക് വിജയലക്ഷ്യം നല്‍കിയിരുന്നത്. എന്നാല്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിര്‍ണായക ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനെ ഇന്ത്യത്ത് സാധിച്ചുള്ളു. 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ട്ടണ്‍ 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ആര്‍ച്ചറും കാര്‍സും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും രാജ്കോട്ടിലെ പിച്ചിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ആറ് ബോള്‍ നേരിട്ട് സഞ്ജു മൂന്ന് റണ്‍സിനും ഏഴ് ബോള്‍ നേരിട്ട സൂര്യകുമാര്‍ 14 റണ്‍സിനും പുറത്തായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്ഷര്‍ പട്ടേല്‍-ഹര്‍ദ്ദിക്ക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 123ല്‍ നില്‍ക്കെ അക്ഷര്‍ പുറത്തായി. ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയ ഹര്‍ദിക് 35 പന്തില്‍ നിന്നാണ് 40 റണ്‍സ് കണ്ടെത്തിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 171 റണ്‍സ് നേടിയത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെയും അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 24 ബോളില്‍ നിന്ന് 43 റണ്‍സ് എടുത്ത ലിയാം ലിവിങ്സ്റ്റണിന്റെയും വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്‌ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ദീര്‍ഘകാലത്തിന് ശേഷം മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ തിരിച്ചെത്തി ശ്രദ്ധനേടിയെങ്കിലും മൂന്നു ഓവറുകള്‍ മാത്രമെറിഞ്ഞ താരത്തിന് പക്ഷേ വിക്കറ്റുകളൊന്നും തന്നെ വീഴ്ത്താനായില്ല.

Story Highlights: India vs England T20 series third match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here