Advertisement

പാരലൽ കോളജിലെ അധ്യാപകൻ ദേവീദാസന്‍ എന്ന മന്ത്രവാദിയായ കഥ

January 31, 2025
Google News 1 minute Read

ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കേസില്‍ അറസ്റ്റിലായ അമ്മാവന്‍ ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. അതിനിടെയാണ് ഇന്ന് ശ്രീതുവുമായി ബന്ധമുള്ള മന്ത്രവാദിയെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സാമ്പത്തിക ബാധ്യത ഏറെ പിടികൂടിയ കുടുംബത്തിന് ഉപദേശം നൽകിയിരുന്നത് ഈ മന്ത്രവാദിയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു. കരിക്കകത്തുള്ള മൂകാംബിക മഠത്തിലെ ആചാര്യന്‍ ശംഖുമുഖം ദേവീദാസൻ ആകുന്നതിന് മുൻപ് ഇയാൾ ഒരു പാരലൽ കോളജിലെ അധ്യാപകനായിരുന്നു. പ്രദീപ് കുമാറെന്നായിരുന്നു പേര്. പിന്നീട് എസ് പി കുമാര്‍ എന്ന പേരില്‍ കാഥികനായി. അതിലും വിജയിക്കാതെ വന്നപ്പോഴാണ് പലചരക്കുകട തുടങ്ങുന്നത്. ഇടക്കാലത്ത് മുട്ടക്കച്ചവടവും തുടങ്ങി. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ദേവീദാസന്‍ എന്ന മന്ത്രവാദിയാകുന്നത്. മുട്ട സ്വാമിയെന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. ഇയാളുടെ വീട്ടിലടക്കം ആളുകൾ പരിഹാരങ്ങൾക്കായി എത്തുമായിരുന്നു. കര്‍ക്കിടകത്തിലെ ഗൃഹയുദ്ധത്തില്‍ സ്‌പെഷ്യലിസ്റ്റാണ് ഇയാള്‍. പല ആത്മീയ യുട്യൂബ് ചാനലുകള്‍ ഇയാളുടെ വീഡിയോകള്‍ ഉൾപ്പെടുത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Read Also: ദുരൂഹത നീങ്ങാതെ ദേവേന്ദുവിന്റെ കൊലപാതകം; പിന്നിൽ ഹരികുമാർ ഒറ്റക്കോ? പ്രേരണ വൈരാഗ്യം മാത്രമോ? ശ്രീതുവിനെതിരെ ഭർത്താവിന്റെ മൊഴി

അടുത്തിടെ ശ്രീതുവും ഹരികുമാറും തല മുണ്ഡനം ചെയ്തിരുന്നു. ഇത് മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് കരുതുന്നത്. ശ്രീതു മതപഠന ക്ലാസുകളില്‍ എത്തിയിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായി ആയിരുന്നു ഹരികുമാര്‍ എന്നും വ്യക്തമായിട്ടുണ്ട്. ഹരികുമാര്‍ മറ്റു ജോലികള്‍ക്കൊന്നും പോയിരുന്നില്ല. ശ്രീതുവിനും കുടുംബത്തിനും ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യത മാറ്റാന്‍ ആഭിചാരക്രിയകള്‍ ഉള്‍പ്പെടെ പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ചയോളമായിരുന്നു ദേവീദാസന്റെ അടുത്ത് ഹരികുമാർ ജോലി ചെയ്തിരുന്നത്. പിന്നീട് ഹരികുമാറിനെ പറഞ്ഞുവിട്ടുവെന്നാണ് ദേവീദാസന്‍ പൊലീസിനോടു പറഞ്ഞത്. മാത്രമല്ല ഹരികുമാറിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ പൂജ നടത്താന്‍ ദേവീദാസന്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദേവേന്ദു ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നതെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ശ്രീതുവിന്റെ 30 ലക്ഷം രൂപ ദേവീദാസന്‍ തട്ടിപ്പുവെന്ന ആക്ഷേപത്തിലും വ്യക്തത വരാനുണ്ട്.

വൈരാഗ്യം തോന്നിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെങ്കില്‍, ആ വൈരാഗ്യം എന്തിന്‍റെ പേരില്‍? കുടുംബത്തില്‍ ഇത്രയധികം കട ബാധ്യതകൾ ഉണ്ടാകാനുള്ള കാരണമെന്താണ് തുടങ്ങിയ ചോദ്യങ്ങളുടെ ഒരു ഘോഷയാത്രതന്നെ അന്വേഷണ സംഘത്തിന്റെ മുന്നിൽ നിൽക്കുകയാണ് .

Story Highlights : shankumugham devidasan balaramapuram murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here