Advertisement

രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് നാളെ അറിയാം; ആത്മവിശ്വാസത്തിൽ എഎപി, പ്രതീക്ഷയർപ്പിച്ച് ബിജെപി, സ്ഥിതി മെച്ചപ്പെടുത്താൻ കോൺഗ്രസും

February 7, 2025
Google News 1 minute Read

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. പ്രതീക്ഷയോടെ പാർട്ടികൾ. ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ആംആദ്മി പാർട്ടി. എക്സിറ്റ്പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി. സ്ഥിതി മെച്ചപ്പെടുത്താൻ ആകുമെന്ന് കോൺഗ്രസും.

70 സീറ്റുകളിലേക്ക് വാശിയേറിയ മത്സരമാണ് ആംആദ്മി പാർട്ടിയും ബിജെപിയും കാഴ്ചവച്ചത്. പരസ്പര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പ് നാളുകളിൽ ഉണ്ടായത്. ആം ആദ്മി പാർട്ടിക്കായി അരവിന്ദ് കെജ്രിവാൾ എന്ന ഒറ്റമുഖം പോരാടിയപ്പോൾ ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതൃനിര തെരഞ്ഞെടുപ്പുക്കളം ഇളക്കിമറിച്ചു.

എക്സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും ബിജെപിക്ക് അനുകൂലമായ വിധിയെഴുത്തായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ഭരണം നിലനിർത്താൻ ആകുമെന്ന ആത്മവിശ്വാസത്തോടെയാണ് ആം ആദ്മി പാർട്ടി ക്യാമ്പുകൾ. വിജയിച്ചാൽ പോലും മുൻകാലങ്ങളെപ്പോലെ മൃഗീയ ഭൂരിപക്ഷം ആം ആദ്മി പാർട്ടിക്ക് ഇത്തവണ ലഭിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ബജറ്റിലെ നികുതി ഇളവ് ഉൾപ്പെടെയുള്ള പ്രഖ്യാപനം അനുകൂലമാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ നഗരമേഖലകളിൽ പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപി ക്യാമ്പുകളിൽ നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രചാരണ സമയങ്ങളിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ അഭാവം തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഷീല ദീക്ഷിതിന്റെ പ്രതാപ കാലത്തിൽ നിന്ന് കൂപ്പുകുത്തിയ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ സ്ഥിതി മെച്ചപ്പെടുത്താൻ ആകുമോ എന്നാണ് ഉയരുന്ന ചോദ്യം. കോൺഗ്രസ് ഇത്തവണയും കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങളിൽ.രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്ന് നാളെ അറിയാം.

Story Highlights : Delhi assembly election results tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here