ബോംബ് ഭീഷണിയ്ക്ക് പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റില്‍ കടന്നല്‍ ആക്രമണവും; ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കുത്തേറ്റു

തിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്ക് പിന്നാലെ പരിശോധനയ്ക്കിടെ കടന്നലുകളുടെ ആക്രമണം. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മുഴുവന്‍ കടന്നലുകളുടെ കുത്തേറ്റു. പരുക്കേറ്റവരെ പേരൂര്‍ക്കട ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. (wasp attack in thiruvananthapuram collectorate)
ഉച്ചയ്ക്ക് ഏതാണ്ട് രണ്ടു മണിയോടെ തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി എന്ന വിവരം പുറത്തെത്തി. പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്‌ക്വാഡും പോലീസും കളക്ടറേറ്റിലേക്ക് എത്തി. കളക്ടറേറ്റിന് ഉള്ളിലും പരിസരത്തും വ്യാപകമായ പരിശോധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കടന്നലുകളുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കുത്തേറ്റു. പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കലക്ടറേറ്റ് ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. കലട്രേറ്റില്‍ പരിശോധന നടന്നിരുന്നതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് കടന്നല്‍ക്കൂട്ടം ഇരച്ചെത്തിയത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ കലക്ടറും ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ രണ്ട് ഇടത്തും ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.
Story Highlights : wasp attack in thiruvananthapuram collectorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here