ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്; പോസ്റ്റ് വൈറല്‍

ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം ചെയ്തത്. ശോഭ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പം ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’എന്ന ഒറ്റവരി ഹാരിസ് മുദൂര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, മുതിര്‍ന്ന നേതാവ് എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ മുതലായ വലിയ പേരുകളെയെല്ലാം വെട്ടി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതയുണ്ടെന്ന് ഊഹാപോഹങ്ങള്‍ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം. (youth congress leader invites sobha surendran to congress)
ശോഭാ സുരേന്ദ്രന്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് വിട്ടുനിന്നതും ഈ സംശയങ്ങള്‍ കൂടുതലായി ഉയരാന്‍ കാരണമായിരുന്നു. പാര്‍ട്ടിയില്‍ ശോഭ ദീര്‍ഘകാലമായി തഴയപ്പെടുകയാണെന്ന വാര്‍ത്തകള്‍ക്ക് കൂടി ഇടയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്നും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖര്‍ ജനകീയനാണെന്നും അദ്ദേഹം വളരെ കൃത്യതയോടെ ബിജെപിയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശോഭ പറഞ്ഞു. വാഹനമെത്താന്‍ വൈകിയതിനാലാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തിന് എത്താനാകാതെ വന്നതെന്നും ശോഭ വിശദീകരിച്ചിരുന്നു.
അതേസമയം,വിദ്യാര്‍ഥി പരിഷത്തിലൂടെയും മറ്റും രാഷ്ട്രീയം തുടങ്ങി ബിജെപിയുടെ നേതൃനിരയിലേക്ക് വന്നവരെയെല്ലാം ഒറ്റയടിക്ക് പിന്തളളി രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ പദവിയിലേക്ക് കടന്നിരുന്നതിനെതിരെ പാര്‍ട്ടിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നുറപ്പാണ്. കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നും മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നാണ് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നത്. എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന്‍ കൊടുക്കാമെന്നും സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തനിക്ക് ഇടപെടാന്‍ തനിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : youth congress leader invites sobha surendran to congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here