വിലയിരുത്തേണ്ടത് നിറം നോക്കിയല്ലെന്ന് എം വി ഗോവിന്ദന്‍; കറുപ്പ് പ്രകാശമെന്ന് ബിനോയ് വിശ്വം; ശാരദ മുരളീധരന് പിന്തുണ

നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. മനുഷ്യരെ വിലയിരുത്തേണ്ടത് നിറം നോക്കിയല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കറുപ്പ് കുറ്റമല്ല, പ്രകാശമാണെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു.
നേതാക്കളെ കരിങ്കുരങ്ങ് എന്നൊക്കെ വിളിച്ചിട്ടുണ്ട്. അതുകൊണ്ട് അവഹേളിക്കപ്പെടുന്നത് പറയുന്നവര്‍ തന്നെയാണ്. ഇതെല്ലാം ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗമാണ് – എം വി ഗോവിന്ദന്‍ പറഞ്ഞു.
നിറം പറഞ്ഞ് സംസാരിക്കുന്ന സംസ്‌കാരം കേരളത്തിന്റേതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദക്ഷിണാഫ്രിക്കയല്ല കേരളം. കറുത്തവന്റെ വിയര്‍പ്പാണ് കേരളത്തെ ചോറൂട്ടിയത്. ആരുടെയും പേര് ചീഫ് സെക്രട്ടറി പറഞ്ഞില്ല. പേര് ഏതുമാകട്ടെ, പദവി ഏതുമാകട്ടെ. നിറം പറഞ്ഞ് അവഗണിച്ചാല്‍ അവന്‍ പ്രാകൃതനാണ്. നൂറ്റാണ്ടിന് പിന്നില്‍ ആണ് – ബിനോയ് വിശ്വം വിശദമാക്കി.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും വര്‍ണ്ണത്തിന്റെ പേരില്‍ വിവേചനം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചീഫ് സെക്രട്ടറി പറഞ്ഞത് പുതിയൊരു അറിവല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ ജനാധിപത്യം മരിച്ചുപോയി. മതാധിപത്യം നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ ഇതെല്ലാം ഉണ്ടാകും – അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്നാണ് ശാരദ ഫേസ്ബുക്കില്‍ കുറിച്ചത്. ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി.
Story Highlights : M V Govindan and Benoy Viswam supports Sarada Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here