‘വിളിച്ചത് വയോധികയുടെ മൃതദേഹം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട്; മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ’; ആംബുലൻസ് ഡ്രൈവർ

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ. യുവതിയുടെ ഭർത്താവ് സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് ആംബുലൻസ് ഡ്രൈവർ അനിൽ ട്വന്റിഫോറിനോട് പറഞ്ഞു. ശ്വാസംമുട്ടിനെ തുടർന്ന് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലൻസ് വിളിച്ചത്.
പെരുമ്പാവൂരിൽ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലൻസ് ഡ്രൈവർ അനിൽ പറഞ്ഞു. മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു. സിറാജുദ്ദീന്റെ സുഹൃത്ത് ആണ് ആംബുലൻസിൽ ഒപ്പം കയറിയത്. പുലർച്ചെ മൂന്ന് മണിക്കാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയതെന്ന് അനിൽ പറയുന്നു. നവജാത കുഞ്ഞുമായി കാറിൽ സ്ത്രീകൾ ഉൾപ്പെടെ ആംബുലൻസിനെ അനുഗമിച്ചിരുന്നു. കുഞ്ഞ് കൂടെ ഉള്ള സ്ത്രീയിടേത് ആണെന്ന് തെറ്റിദ്ധരിച്ചെന്ന് അനിൽ പറഞ്ഞു.
Read Also: മുംബൈ ഭീകരാക്രമണ കേസ്; തഹാവൂർ റാണയുടെ ഹർജി തള്ളി; ഇന്ത്യക്ക് കൈമാറും
വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടിൽ പ്രസവിച്ചത്. രാത്രി 9 മണിക്കാണ് യുവതി രക്തം വാർന്ന് മരിച്ചത്. കസ്റ്റഡിയിലുള്ള സിറാജുദ്ദീന്റെ അറസ്റ്റ് മലപ്പുറം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അസ്മയ്ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്നുള്ള അസ്മയുടെ മരണം.മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നൽകാനോ സിറാജുദ്ദീൻ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു അസ്മയുടേത്. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.
Story Highlights : Ambulance driver responds on Woman dies during home delivery in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here