‘ആണവ വിഷയത്തിൽ ചർച്ചകൾ തുടരും’; അമേരിക്ക-ഇറാൻ ഒന്നാംഘട്ട ചർച്ച അവസാനിച്ചു

ഒമാനിൽ നടന്ന അമേരിക്ക – ഇറാൻ സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാർ ഇസ്രായേലിന് കൂടി ബാധകമാക്കിയാൽ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചർച്ചയിൽ ഇറാൻ മുന്നോട്ട് വെച്ച പ്രധാന നിർദേശം. രണ്ടാം ഘട്ട ചർച്ചകൾ അടുത്ത ആഴ്ച ആരംഭിക്കും.
ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിലാണ് ഇന്നലെ ഇറാൻ അമേരിക്ക സമാധാന ചർച്ചകൾ നടന്നത്. അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ് കാര്യങ്ങൾക്കായുള്ള പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചർച്ചകൾക്ക് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയാണ് മധ്യസ്ഥത വഹിച്ചത്. ആദ്യ ഘട്ടത്തിൽ ഇരു വിഭാഗവും തമ്മിൽ മധ്യസ്ഥൻ മുഖേനെ നൽകുന്ന കുറിപ്പുകൾ വഴിയാണ് ആശയ വിനിമയം നടത്തിയത്. ചർച്ചയിൽ
ഇരു രാജ്യങ്ങളും തങ്ങളുടെ വിശദമായ വാദങ്ങളും ആശങ്കകളും കൈമാറിയതായാണ് റിപ്പോർട്ടുകൾ.പ്രശ്ന പരിഹാരത്തിനായി ഇറാൻ നാലിന നിർദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വെച്ചത്.ആണവ നിരോധന കരാർ ഇസ്രായേലിന് കൂടി ബാധകമാക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അങ്ങിനെയെങ്കിൽ വിഷയത്തിൽ തങ്ങളും അനുകൂലമായ തീരുമാനം കൈകൊള്ളുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് എതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചാൽ ആണവ നിരോധന കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്നും ചർച്ചയിൽ ഇറാൻ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇറാനിലേ വൈദ്യുതി,സമുദ്രജല ശുദ്ധീകരണം മുതലായ പുതിയ പദ്ധതികളിൽ അമേരിക്കൻ കമ്പനികൾക്ക് പങ്കാളി ത്വം നൽകുവാനും ഇറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ ലിബിയൻ മാതൃക അടിസ്ഥാനമാക്കിയുള്ള സമ്പൂർണ ആണവ നിർമാർജ്ജനം എന്ന നിർദേശം ഇറാൻ നിരാകരിച്ചു. ഇസ്രായേലിന്റെ നിലപാടിനെ ആശ്രയിച്ചു കൊണ്ടായിരിക്കും ഇക്കാര്യത്തിലും തങ്ങളുടെ തീരുമാനം ഉണ്ടാകുക എന്ന് ഇറാൻ വ്യക്തമാക്കി.ഇരു ഭാഗവും തമ്മിലുള്ള ചർച്ചകൾ ആശാവഹമെന്നാണെന്നായിരുന്നു മാധ്യസ്ഥത വഹിച്ച ഒമാൻ വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം. രണ്ടാം ഘട്ട ചർച്ചകൾ അടുത്ത ആഴ്ച വീണ്ടും ആരംഭിക്കും.
Story Highlights : Iran, U.S. ‘indirect’ talks conclude in Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here