Advertisement

ഇന്ത്യക്കും പാകിസ്താനുമിടയിലെ അട്ടാരി-വാഗാ അതിർത്തി; നിർണായക വ്യാപാര പാത അടച്ചുപൂട്ടുമ്പോൾ

6 days ago
Google News 2 minutes Read

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടിയാണ് ഇന്ത്യയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ഇന്ത്യൻ നയതന്ത്ര തിരിച്ചടിയിൽ പാകിസ്താൻ ഭയന്നിരിക്കുകയാണ്. ഇന്നലെ ചേർന്ന മന്ത്രിസഭാ സമിതി യോ​ഗത്തിലാണ് ഇന്ത്യ കർശന നടപടിയിലേക്ക് കടന്നത്. ഇതിൽ സുപ്രധാനമായ തീരുമാനങ്ങളിൽ പാകിസ്താനെ ഏറെ ബാധിക്കുന്ന രണ്ട് തീരുമാനങ്ങളിലൊന്ന് അട്ടാരി അതിർത്തി അടച്ചുപൂട്ടുന്നതാണ്. മറ്റൊന്ന് പാകിസ്താന്റെ ജിഡിപിയെ വരെ ബാധിക്കുന്ന സിന്ധു നദിജല കരാർ മരവിപ്പിച്ചതാണ്. ഇന്ത്യയും പാകിസ്താനും തമ്മിൽ കരമാർ​ഗം നടത്തുന്ന ഏക വ്യാപാരകേന്ദ്രമാണ് അട്ടാരി അതിർത്തി.

അട്ടാരി അതിർത്തി അടച്ചുപൂട്ടുന്നതോടെ പാകിസ്താനിലേക്കുള്ള വ്യാപാരങ്ങളെല്ലാം നിർത്തുകയാണ് ചെയ്യുന്നത്. തിരികെ ഇന്ത്യയിലേക്ക് പാകിസ്താൻ കയറ്റുമതി ചെയ്യുന്നവയും നിർത്തി. അമൃത്സറിൽ നിന്ന് 28 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അട്ടാരി, ഇന്ത്യയിലെ ആദ്യത്തെ ലാൻഡ് പോർട്ട് ആണ്. 120 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെക്ക് പോസ്റ്റ്, ദേശീയ പാത-1 മായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന അതിർത്തി വ്യാപാരത്തിൽ , പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അട്ടാരി ലാൻഡ് പോർട്ട് വളരെക്കാലമായി ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ ഒരു നിർണായക വ്യാപാര കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു.

വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് സെറിമണി ഏറെ പ്രസിദ്ധമാണ്. ഇത് നിർത്താലാക്കാനും ഇന്ത്യ ആലോചിച്ചുവരികയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ വ്യാപാര പാതകളിലൊന്നായ ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് അതിർത്തി കടന്നുപോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും കണക്റ്റിവിറ്റിക്കും ഇത് ഒരു സുപ്രധാന ചാനലായാണ് അട്ടാരി-വാഗാ അതിർത്തി പ്രവർത്തിക്കുന്നത്.

ചെക്ക്‌പോസ്റ്റ് വഴി ഇന്ത്യ പച്ചക്കറികൾ, സോയ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയ ചരക്കുകൾ കയറ്റുമതി ചെയ്യുന്നു. അതേസമയം ഡ്രൈ ഫ്രൂട്ട്സ്, ഉപ്പ്, സിമന്റ്, മറ്റ് സാധനങ്ങൾ എന്നിവ പ്രധാനമായും അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്താൻ വഴി ഇറക്കുമതി ചെയ്യുന്നു. 2018-2109 കാലഘട്ടത്തിൽ ഇതുവഴിയുള്ള വ്യാപാരങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടായി. അട്ടാരി ചെക്ക്‌പോസ്റ്റ് ഏഷ്യൻ ഹൈവേ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. 2019-ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടപ്പോൾ പല മാറ്റങ്ങളുമുണ്ടായി. ഇതെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാന് നൽകിയിരുന്ന ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ (എം.എഫ്.എൻ.) വ്യാപാര പദവി പിൻവലിക്കുകയും ഇറക്കുമതിക്ക് 200 ശതമാനം കസ്റ്റംസ് തീരുവ ചുമത്തുകയും ചെയ്തിരുന്നു.

വിനോദസഞ്ചാരികളുടെ അടക്കം ഒരു പ്രധാന യാത്രാ മാർഗം കൂടിയാണ് അട്ടാരി-വാഗ അതിർത്തി. ഇത് അടച്ചുപൂട്ടിയതോടെ ഇന്ത്യയിലേക്കുള്ള യാത്രമാർ​ഗം കൂടിയാണ് ഇല്ലാതാകുന്നത്. ‌പഹൽഗാമിലെ മാരകമായ ഭീകരാക്രമണങ്ങളെത്തുടർന്ന്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ ആദ്യം ബാധിക്കപ്പെടുന്നവയിൽ ഒന്നാണ് അട്ടാരി-വാഗ അതിർത്തി. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെയോ പാകി്സതാനിലെ തത്തുല്യ ഏജൻസികളുടെയോ ഉത്തരവുകളിലൂടെയാണ് സാധാരണയായി ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. വ്യാപാരം, യാത്രാ സേവനങ്ങൾ, പൊതുചടങ്ങുകൾ എന്നിവ ഉടനടി പ്രാബല്യത്തിൽ നിർത്തിവയ്ക്കാൻ കഴിയും.

നിലവിലെ പദ്ധതി പ്രകാരം പാകിസ്താൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശവും നൽകിയിട്ടുണ്ട്. കൂടാതെ, സാധുവായ യാത്രാ രേഖകളിൽ അടുത്തിടെ ഇന്ത്യയിൽ പ്രവേശിച്ച പാകിസ്താൻ പൗരന്മാർ 2025 മെയ് 1 ന് മുമ്പ് തിരിച്ചുപൊകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Story Highlights : Attari border closed: How it will impact trade with Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here