വയനാടിന് കൗതുകമായി ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണനമേള

വയനാടിന് ഉല്‍സവമായി സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റെ കേരളം പ്രദര്‍ശന–വിപണനമേള സമാപിച്ചു. കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് 44385 ചതുരശ്രഅടിയില്‍ ക്രമീകരിച്ച പവലിയനില്‍ 200 ലധികം ശിതീകരിച്ച സ്റ്റാളുകളിലാണ് പ്രദര്‍ശനമൊരുക്കിയത്. ഏപ്രില്‍ 24 ന് തുടങ്ങിയ പ്രദര്‍ശനം കാണാന്‍ വൻ ജനാവലിയാണ് നഗരത്തിലേക്കെത്തിയത്.
Read Also: കാഴ്ചകളുടെ വസന്തം തീർത്ത് ആശ്രാമം മൈതാനം ; ‘എന്റെ കേരളം’ പ്രദർശന വിപണമേളയ്ക്ക് കൊല്ലത്ത് സമാപനം
ഒമ്പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളും അതിന്‍റെ നേട്ടങ്ങളും ബോധ്യപ്പെടുത്തുന്നതായിരുന്നു 85 ഡിപ്പാര്‍മെന്‍റുകളുടെ സ്റ്റാളുകള്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍, പൊതുമരാമത്ത്, ടൂറിസം, കിഫ്‌ബി, കായികം , ജയില്‍, വനം വകുപ്പ് അടക്കമുള്ള വിവിധ സ്റ്റാളുകള്‍ ജനശ്രദ്ധനേടി. പ്രദര്‍ശനമേളയുടെ പ്രധാനഗേറ്റിനു മുന്നിലൊരുക്കിയ ബെയ്‌ലി പാലത്തിന്‍റെ മാതൃക കടന്നായിരുന്ന സ്റ്റാളുകളിലേക്കുള്ള പ്രവേശനം.
കായിക വകുപ്പിന്‍റെ വിവിധ പ്രവര്‍ത്തികളൊരുക്കിയ സ്റ്റാളാണ് കാഴ്ചക്കാരെ പ്രദര്‍ശന നഗരിയിലേക്ക് വരവേറ്റത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗെയ്‌മിങ് പ്ലോട്ടും ഇവിടെ ഒരുക്കിയിരുന്നു. മണ്ണ് കൊണ്ടുണ്ടാക്കിയ നിരവധി ഉൽപ്പന്നങ്ങളുടെ പ്രദർശനവും മേളയിൽ ഉണ്ടാരുന്നു.
ചൂരല്‍മലയില്‍ പുനര്‍നിര്‍മിക്കാനിരിക്കുന്ന പാലത്തിന്‍റെ മാതൃകയാണ് വയനാടിനായി പൊതുമരാമത്ത് വകുപ്പ് ഒരുക്കിയത്.സ്കൂളിനടുത്ത് മണ്ണിടിച്ചിലോ വന്യജീവി സാന്നിധ്യമോ ഉണ്ടായാല്‍ മുന്നറിയിപ്പ് തരുന്ന AI BASED SMART CITY പദ്ധതി ഒരുക്കിയ ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ സ്റ്റാളിനെ മികവുറ്റതാക്കി.
ചൂരല്‍മലയിലേയും മുണ്ടകൈയിലേയും രക്ഷാ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നതായിരുന്നു അഗ്നിരക്ഷാസേനയുടെ പ്രദര്‍ശനം. ജയിലും , തൂക്കിലേറ്റുന്നതടക്കമുള്ള ശിക്ഷാരീതികളും വിശദീകരിക്കുന്നതായരുന്നു ജയില്‍ വകുപ്പിന്‍റെ സ്റ്റാള്‍. എകെജിയുടേയും പിണറായി വിജയന്‍റെയും ജയില്‍കുറിപ്പുകളുടെ പ്രദർശനം പ്രത്യേക ശ്രദ്ധനേടി.
ഭക്ഷ്യമേളയും സാംസ്‌കാരിക മേളയും പ്രദര്‍ശനമേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. ആല്‍മരം ബാന്‍ഡും സാമിര്‍ ബിന്‍സിയുടേയും കൃഷ്‌ണപ്രഭയുടേയും ബാന്‍ഡുമെല്ലാം തുറന്ന വേദിയില്‍ അരങ്ങേറി.നേരത്തെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല സംഗമത്തില്‍ വയനാട്ടിലെ 600 ഓളം പൗരപ്രമുഖരുമായി മുഖ്യമന്ത്രി സംവദിച്ചിരുന്നു. അന്നേ ദിവസം തന്നെ ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് പരൂര്‍കുന്നില്‍ ഒരുക്കിയ വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.
Story Highlights : ‘Ente Keralam ‘ exhibition and marketing fair concludes in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here