18
Feb 2019
Monday
Kuttanadu

‘മോഹന്‍ലാല്‍’: താരാരാധനയ്ക്ക് 100 മാര്‍ക്ക്; പക്ഷേ ..

ഉന്മേഷ് ശിവരാമന്‍

പേരുപോലെ തന്നെയാണ് ‘മോഹന്‍ലാല്‍’ എന്ന ചിത്രം. സര്‍വ്വം മോഹന്‍ലാല്‍മയം ; ടൈറ്റില്‍ മുതല്‍ ഒടുവിലത്തെ നന്ദിപ്രകാശനം വരെയും. മീനാക്ഷി (മഞ്ജു വാര്യര്‍) എന്ന കഥാപാത്രത്തിന്റെ താരാരാധനയാണ് പ്രമേയം. പക്ഷേ കഥയുടെ ആഖ്യാനം മീനാക്ഷിയുടെ ഭര്‍ത്താവായ സേതുമാധവനിലൂടെയാണ് (ഇന്ദ്രജിത്ത്). സാജിദ് യഹിയയുടെ രണ്ടാമത്തെ ചിത്രമാണിത്. സുനീഷ് വാരനാടാണ് തിരക്കഥാകൃത്ത്.

താരാരാധനയുടെ യുക്തി

താരാരാധന എന്തുകൊണ്ട് ഒരു സിനിമയുടെ പ്രമേയമാകുന്നു എന്ന ന്യായവാദം ‘മോഹന്‍ലാലി’ന്റെ തുടക്കത്തില്‍ തന്നെയുണ്ട്. പൃഥ്വീരാജിന്റെ ശബ്ദത്തിലൂടെയാണ് ആഖ്യാനം. സിനിമ ജീവിതമാക്കിയവരും ജീവിതം സിനിമയാക്കിയവരും മാത്രമല്ല, താരാരാധന ജീവിതമാക്കിയവരും ഉണ്ടെന്നാണ് ന്യായവാദം. അവിടെ തുടങ്ങുന്നു മീനാക്ഷിയുടെ, അല്ല ‘മോഹന്‍ലാലി’ന്റെ കഥ. 1980 ഡിസംബര്‍ 25 നാണ് മീനാക്ഷിയുടെ ജനനം. മോഹന്‍ലാല്‍ എന്ന ‘നടന്റെ’ ജനനവും അന്നാണ് (‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയുടെ റിലീസ്).സ്‌കൂള്‍കാലം മുതല്‍ മീനാക്ഷി മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്.

മോഹന്‍ലാലിന്റെ വിവാഹവാര്‍ത്ത അറിഞ്ഞാണ് മീനാക്ഷി ആദ്യം ബോധം കെട്ടുവീഴുന്നത്. മീനാക്ഷിയുടെ തുടര്‍ ബോധംകെടലുകള്‍ക്ക് ‘മോഹന്‍ലാലു’മായി തന്നെയാണ് ബന്ധം. കോളെജ് പഠനകാലത്തും താരാരാധന തുടരുന്നു; സമാന്തരമായി സേതുമാധവനോടുള്ള പ്രണയവും. സേതുവിനോടുള്ള മീനാക്ഷിയുടെ പ്രണയം പോലും യഥാര്‍ത്ഥത്തില്‍ മോഹല്‍ലാലിനോടുള്ള ആരാധനയുടെ ഉത്പന്നമാണ്. വിവാഹശേഷവും മീനാക്ഷിയുടെ ആരാധനയ്ക്ക് ബെല്ലും ബ്രേക്കുമില്ല. കണ്ണുമടച്ചുള്ള ആരാധന ഒട്ടേറെ ജീവിത ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. മീനാക്ഷിയുടെ കടിഞ്ഞൂല്‍ കണ്‍മണി നഷ്ടമാകുന്നതു പോലും അതിന്റെ ബാക്കിപത്രമാണ്. മീനാക്ഷി കബളിപ്പിക്കപ്പെടുന്നതും ലക്ഷക്കണക്കിന് രൂപ നഷ്ടമാകുന്നതും മറ്റൊന്നു കൊണ്ടുമല്ല താനും.

കണ്ണുമടച്ചുള്ള താരാരാധന കൊടിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോഴും മീനാക്ഷി പിന്‍മാറ്റത്തെ കുറിച്ച് ആലോചിക്കുന്നേയില്ല. അതല്‍പ്പം കടന്നുപോയില്ലേ എന്ന് പ്രേക്ഷകന്‍ ആലോചിക്കുമ്പോഴേക്കും
സിനിമ മറ്റൊരു ന്യായവാദം നിരത്തുന്നു.

നന്നേ ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടമായ ഒരു പെണ്‍കുട്ടി കണ്ടെത്തിയ അഭയസ്ഥാനമാണ് ‘മോഹന്‍ലാല്‍’ എന്നതാണ് ആ ന്യായവാദം. അതോടെ,പ്രേക്ഷക സന്ദേഹങ്ങള്‍ ഏറെക്കുറെ മാറുകയാണ്. ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ അഭയസ്ഥാനങ്ങള്‍ ഉള്ളവരാണല്ലോ എല്ലാവരും. ആ സാധാരണത്തം കൊണ്ടാണ് സിനിമ താരാരാധനയുടെ യുക്തിയെ നിര്‍മ്മിക്കുന്നത്.

ചിരിപ്പിക്കുന്ന സിനിമ

മീനാക്ഷിയിലേക്ക് വന്നു ചേരുന്നവരാണ് ‘മോഹന്‍ലാലി’ലെ കഥാപാത്രങ്ങളെല്ലാം.സൗബിന്റെ കഥാപാത്രമാണ് അതിനൊരു അപവാദം. ചിരിപ്പിക്കുന്ന ഹാസ്യമാണ് സിനിമയിലേത്. സൗബിന്‍-ഇന്ദ്രജിത്ത് കോംപിനേഷന്‍ രംഗത്തിലാണ് അതു തുടങ്ങുന്നത്. ഹരീഷ് കണാരന്‍ കൂടി എത്തുന്നതോടെ സിനിമ പൊട്ടിച്ചിരിയാവുകയാണ്. വില്ലന്‍മാരുടെ ഹാസ്യാവിഷ്‌കാരം മലയാള സിനിമയില്‍ പുതിയതല്ല. എങ്കിലും, സലിംകുമാറിന്റെ ‘വില്ലന്‍ വേഷവും’ മടുപ്പിക്കുന്നില്ല.ബിജുക്കുട്ടന്‍,കോട്ടയം പ്രദീപ്,അജു വര്‍ഗീസ്,സുനില്‍ സുഖദ,കോട്ടയം നസീര്‍ എന്നിങ്ങനെ ആ ഹാസ്യനിര നീളുന്നു.

ചില വിയോജിപ്പുകള്‍

നിര്‍ദ്ദോഷമെന്ന നിലയില്‍ സിനിമയില്‍ അവതരിപ്പിക്കുന്ന ചില സംഭാഷണങ്ങളോടാണ് വിയോജിപ്പ്.
മലയാള സിനിമയുടെ ചില പൊതുസ്വഭാവങ്ങള്‍ അതേപടി പിന്‍പറ്റുകയാണ് ‘മോഹന്‍ലാല്‍’ എന്ന ചിത്രവും.

1. സിനിമയുടെ തുടക്കത്തില്‍ ഒരു സംഭാഷണമുണ്ട്. പുരുഷന്‍മാരുടെ 99 ശതമാനം പ്രശ്‌നങ്ങള്‍ക്കും കാരണം സ്ത്രീയാണെന്ന്. സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന പുരുഷന്‍മാരുടെ ശതമാനക്കണക്കും വ്യത്യസ്തമാകാന്‍ വഴിയില്ലല്ലോ. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം മലയാള സിനിമയില്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഒഴിവാക്കുമെന്നുവരെ പ്രഖ്യാപനങ്ങള്‍ വന്നിരുന്നു. ഒന്നും മാറിയിട്ടില്ല. എല്ലാം പഴയപടി തന്നെ.

2. കറുത്തവനെയായിരിക്കും കള്ളനെന്ന് ധരിക്കുക , ആദ്യം അടികിട്ടുന്നതും അവനാകും എന്നാണ് മറ്റൊരു സംഭാഷണം. കറുത്തവര്‍ കള്ളന്‍മാരെന്ന , സമൂഹത്തിന്റെ ചോദ്യം ചെയ്യപ്പെടേണ്ട യുക്തിയെ അതേപടി പിന്‍പറ്റുകയല്ലല്ലോ ഹാസ്യത്തിനു വേണ്ടി ഒരു സിനിമ ചെയ്യേണ്ടത്(സമകാലിക സംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള സാമൂഹിക വിമര്‍ശനമല്ല സിനിമ ലക്ഷ്യമിടുന്നത്; ഹാസ്യത്തിനായി ആ സംഭാഷണം ചേര്‍ക്കുക മാത്രമാണ്).

Top