Advertisement

എടത്തലയില്‍ തട്ടി പ്രക്ഷുബ്ധം; നിയമസഭ സ്തംഭിച്ചു

June 7, 2018
Google News 1 minute Read

എടത്തലയില്‍ യുവാവിനെ പോലീസ് അതിക്രമിച്ചതിന്റെ പേരില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ചു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അടിയന്തരപ്രമേയത്തിന് അനുമതി തേടി എടത്തല വിഷയം സഭയില്‍ ഉന്നയിച്ചു. ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അതിനിടയിലാണ് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര് നടന്നത്.

എടത്തലയില്‍ യുവാവിനെ മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി ആദ്യമേ തന്നെ മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചിരുന്നു. അതോടൊപ്പം, തന്നെ ഉസ്മാനാണ് ആദ്യം പോലീസുകാരെ മര്‍ദിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മഫ്തിയിലുള്ള പോലീസുകാരാണ് തന്റെ ബൈക്കില്‍ ഇടിച്ചതെന്ന് അറിയാതെയാണ് ഉസ്മാന്‍ അവരെ ചോദ്യം ചെയ്തതെന്നും ഉസ്മാന്റെ രോക്ഷം സ്വാഭാവികമാണെന്നും വിഷയം ഉന്നയിച്ചുകൊണ്ട് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ഉസ്മാനില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത് എന്നാല്‍ ഇവിടെ സാധാരണക്കാരെ പോലെ രോക്ഷം തീര്‍ക്കുകയാണ് പോലീസ് ചെയ്തത്. ഉസ്മാനെക്കുറിച്ച് അന്വേഷിക്കാന്‍ പോയ തന്റെ ബന്ധുകള്‍ക്ക് നേരെ പോലീസ് അസഭ്യ പറഞ്ഞെന്നും അന്‍വാര്‍ സാദത്ത് പരാതിപ്പെട്ടു. പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, അന്‍വര്‍ സാദത്ത് എംഎല്‍എക്ക് മുഖ്യമന്ത്രി അതേ നാണയത്തില്‍ മറുപടി നല്‍കി. ആലുവ സ്വതന്ത്ര റിപബ്ലിക് അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആരാണ് ആദ്യം കൈവച്ചതെന്ന് എംഎല്‍എയ്ക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാറോടിച്ച പോലീസ് ഡ്രൈവറെ ഉസ്മാന്‍ മര്‍ദ്ദിച്ചതോടെയാണ് മറ്റുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. എന്നാല്‍, പോലീസിന് വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്നു. പോലീസ് സ്വീകരിച്ച നടപടി ശരിയായതല്ല. അവര്‍ മര്‍ദ്ദിച്ചപ്പോള്‍ പോലീസ് നിയമനടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. കേസെടുക്കുന്നതിന് പകരം സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പോലീസ് കടന്നു. ഇത് കുറ്റകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതിന്‍റെ മറപിടിച്ച് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ രണ്ട് തവണ പ്രതിഷേധമാര്‍ച്ച് നടത്തുന്ന സാഹചര്യമുണ്ടായി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളടക്കം പ്രതിഷേധിക്കാനെത്തിയിരുന്നു. തീവ്രവാദരീതിയിലുള്ള പ്രതിഷേധം സര്‍ക്കാര്‍ വകവച്ചു കൊടുക്കില്ല. തീവ്രവാദസ്വഭാവമുള്ളവര്‍ക്ക് കൈകാര്യം ചെയ്യാനുള്ളതല്ല പോലീസെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ആലുവക്കാരെ തീവ്രവാദികളായി മുഖ്യമന്ത്രി ചിത്രീകരിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിയായില്ലെന്ന് രമേശ് ചെന്നിത്തലയുടെ അസാന്നിധ്യത്തില്‍ കെ.സി. ജോസഫ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഭരണപക്ഷ- പ്രതിപക്ഷ എംഎല്‍എമാര്‍ വാക്‌പോരിലേക്ക് എത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചതോടെ ഇന്നത്തേക്ക് നിയമസഭ പിരിഞ്ഞിരിക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here