Advertisement

പികെ ബഷീറിന്റെ ഭീഷണി പ്രസംഗത്തിലെ കേസ് പിൻവലിച്ചത് സുപ്രീംകോടതി റദ്ദാക്കി

September 13, 2018
Google News 1 minute Read

പികെ ബഷീറിന്റെ ഭീഷണി പ്രസംഗത്തിലെ കേസ് പിൻവലിച്ചത് സുപ്രീംകോടതി റദ്ദാക്കി. കേസിൽ നടപടികൾ തുടരാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. യുഡിഎഫ് സർക്കാരെടുത്ത തീരുമാനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ടു.

ഭീഷണി പ്രസംഗം നടത്തിയതിന് പി കെ ബഷീറിന് എതിരെ വി എസ് അച്യുതാനന്ദൻ സർക്കാർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എടവണ്ണ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്റ്റർ സ്വമേധയ എടുത്ത കേസിൽ ബഷീറിന് എതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ195A ,506 വകുപ്പുകൾ ചുമത്തി. എന്നാൽ പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഈ കേസ് പിൻവലിച്ചു. കേസ് പിൻവലിച്ചതിന് എതിരെ നൽകിയിരിക്കുന്ന ഹർജിയിൽ ആണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.

“ഞാന്‍ അരീക്കോട്‌ നിന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ചെയ്യാത്ത സംഭവം കാണാത്ത സംഭവം അതിന് കമ്മ്യൂണിസ്റ്റ് കാരന്‍ സാക്ഷിപറയാന്‍ പോകരുതെന്ന്. ശങ്കരപണിക്കര്‍പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞിട്ടുണ്ട് അത് ഞാനിപ്പോഴും ആവര്‍ത്തിക്കുകയാണ്. കിഴിശ്ശേരിയിലെ അഞ്ച് മുസ്‌ലീം ലീഗ് പ്രവര്‍ത്തകരാണ് 302 പ്രകാരം പെട്ടത്. ഇവിടെ ആലിന്‍ചോട്ടിലുള്ളൊരു കമ്മ്യൂണിസ്റ്റ് കാരനുണ്ട് ഒരു മാര്‍ക്‌സിസ്റ്റ് മെമ്പര്‍ക്ക് കുട്ട്യാളെ പേര് കൊടുക്കുന്നത്. വളരെ കരുതി നിന്നോളീ. ലിസ്റ്റ് കൊടുക്കുന്ന പൂതി ഇതില് കഴിയും. കാരണം പോലീസ് വന്ന് നായാട്ട് നടത്തി ഞങ്ങളെ കുട്ട്യാളെ എന്തെങ്കിലും ചെയ്താല്‍ ആദ്യം ഞങ്ങള് നിങ്ങളെയാണ് കൈകാര്യം ചെയ്യുക. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ള കാര്യം ആലോചിക്കൂ. ഇനി മൂന്നാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു വിജയന്‍ എന്നു പറഞ്ഞയാളുംകൂടി പേര് കൊടുത്തിട്ടുണ്ട്. ആ വിജയനും അധ്യാപകനാണ്. അധ്യാപകനോട് ഞാന്‍ പറയാം തിരിച്ച് നിങ്ങള് വീട്ടിലെത്തില്ലയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏറനാട് നിയോജകമണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്നനിലക്ക് ഞാന്‍ പറയുന്നത് ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരുകയാണെങ്കില്‍ ഇതിന് സാക്ഷിപറയാന്‍ ആരെങ്കിലും എത്തിയാല്‍ അവന്‍ ജീവനോടെ തിരിച്ചുപോകില്ലയെന്ന കാര്യം യാതൊരു സംശയവുമില്ല. നിങ്ങള് ചെയ്‌തോളീ ബാക്കി ഞാനേറ്റു നിങ്ങള് യാതോരു ബേജാറുമാവേണ്ട”. ഇതായിരുന്നു ഭീഷണി പ്രസംഗത്തിൽ പികെ ബഷീർ പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here