ശബരിമലയില്‍ പോകുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ബിന്ദു തങ്കം കല്യാണി

ശബരിമലയില്‍ പോകുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ബിന്ദു തങ്കം. വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായാണ് താന്‍ സന്നിധാനത്തേക്ക് പോകാനായി എത്തിയത്. എന്നാല്‍ താന്‍ അതൊന്നും ഇല്ലാതെയാണ് എത്തിയതെന്നാണ് പ്രചാരണം നടക്കുന്നത്. റിട്ട് ഹര്‍ജികളില്‍ സുപ്രീം കോടതി മറിച്ച് ഒരു തീരുമാനം എടുത്തില്ലെങ്കില്‍ താനടങ്ങുന്ന ഒരു വലിയ സംഘം സ്ത്രീകള്‍ ഇനിയും ശബരിമലയിലേക്ക് എത്തുമെന്നും ബിന്ദു തങ്കം വ്യക്തമാക്കി.
മകള്‍ ശബരിമലയില്‍ പോയതിന് പ്രായശ്ചിത്തമായി തന്റെ മാതാപിതാക്കള്‍ ശബരിമലയില്‍ പോകണമെന്ന് ഒരു സംഘം വീട്ടിലെത്തി നിര്‍ബന്ധിക്കുകയാണ്. പൈസ പോലും ചെലവഴിക്കേണ്ട, പ്രായമായ അവരെ എടുത്ത് മലയ്ക്ക് കൊണ്ട് പോകാമെന്നാണ് പറഞ്ഞത്. എന്നാല്‍ തന്റെ മാതാപിതാക്കള്‍ അങ്ങനെ പോകുന്നില്ല. ഇക്കാര്യം അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും ബിന്ദു വ്യക്തമാക്കി.
തനിക്ക് എതിരെ മോശം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ബിന്ദു പറഞ്ഞു. താന്‍ മാവോയിസ്റ്റാണെന്നാണ് ഒരു പ്രചരണം. ഇത് പ്രചരിപ്പിച്ചവരെ അറിയാം. അവര്‍ സുപ്രീം കോടതിയില്‍ ഇത് തെളിയിക്കട്ടെ. താനും സംഘവും മല കയറാന്‍ എത്തുന്നത് തലേന്ന് തന്നെ ഐജി ശ്രീജിത്തിനെ അറിയിച്ചിരുന്നു. മല കയറാന്‍ രാവിലെ എത്തണം എന്നാണ് അദ്ദേഹം അറിയിച്ചത്. എരുമേലി വരെയാണ് എത്താന്‍ സാധിച്ചത്. അവിടെ നിന്ന് പമ്പയിലേക്ക് ഐജി പറഞ്ഞു. എന്നാല്‍ എരുമേലി സ്റ്റേഷനിലേക്കാണ് എത്തിച്ചത്. അവിടെന്നിന മുണ്ടക്കയത്തേക്ക് എത്തിച്ചു. മുണ്ടക്കയത്ത് എത്തിയാല്‍ ശബരിമലയില്‍ പോകാന്‍ വന്നതാണെന്ന് ആരോടും പറയരുതെന്നാണ് പറഞ്ഞത്. എന്നാല്‍ തങ്ങള്‍ മുണ്ടക്കയം എത്തുന്നതിന് മുമ്പ് വാര്‍ത്ത പരന്നു. മൂന്ന് പേരുടേയും ഫോണ്‍ പോലീസ് വാങ്ങി. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ സാധിച്ചില്ല.
രണ്ട് മണിക്കൂറോളം മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ നിന്നു. പിന്നെ ഒരു സംഘം പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. എന്നാല്‍ തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള സാവകാശം പോലീസിന് ലഭിച്ചിരുന്നു. എന്നിട്ടും പോലീസ് അതിന് തുനിഞ്ഞില്ല. പോലീസുകാര്‍ നിസംഗമായാണ് നിന്നത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ബിന്ദു വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here