അടൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സി.പി.എം – ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന അടൂരിൽ പത്തനംതിട്ട ജില്ലാ കലക്ടർ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും രണ്ടിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.
Read More: ‘കണ്ണൂര്‍ കലുഷിതം’; കൂടുതല്‍ പൊലീസിനെ വിന്യസിക്കും
അടൂർ, കൊടുമൺ പന്തളം, പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി തുടരുന്ന സംഘർഷത്തിൽ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെയും നിരവധി ബി.ജെ.പി പ്രവർത്തകരുടേയും ഉൾപ്പെടെ അൻപതിലേറെ വീടുകളും പാർട്ടി ഓഫീസുകളും അടിച്ചു തകർക്കപ്പെട്ടു. അടൂർ ടൗണിൽ ഒരു മൊബൈൽ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രന്റെ വീടിന് നേരെയും വ്യാഴാഴ്ച ബോംബാക്രമണവും ഉണ്ടായി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here