‘ഇനിയുള്ള ജീവിതം സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി’: കാനഡയിൽ അഭയം തേടിയ സൗദി പെൺകുട്ടി

കുടംബത്തിൽ നിന്നുള്ള ദുരനുഭവത്തെത്തുടർന്ന് സൗദി വിട്ട് കാനഡയിൽ അഭയം തേടിയ പതിനെട്ടുകാരി റഹാഫ് മുഹമ്മദ് അൽ ക്വനൂന്റെ ഇനിയുള്ള ജീവിതം സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി. ലോകത്തെ എല്ലാ സ്ത്രീകൾക്കും വേണ്ടിയായിരിക്കും ഇനിയുള്ള തന്റെ പ്രവർത്തനങ്ങളെന്ന് റഹാഫ് ടോറന്റോയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കാനഡയിൽ എത്തിയ ദിവസമാണ് ജീവിതത്തിൽ ആദ്യമായി താൻ സ്വാതന്ത്ര്യം അനുഭവിച്ചതെന്ന് റഹാഫ് പറഞ്ഞു. കാനഡയിൽ ആയിരിക്കുക എന്നത് മികച്ച അനുഭവമായാണ് കാണുന്നത്. സൗദി അറേബ്യയിൽ തനിക്ക് വിലക്കുണ്ടായിരുന്ന പല കാര്യങ്ങളും കാനഡയിൽ ചെയ്യണമെന്നാണ് ആഗ്രഹം. സ്ത്രീകൾ അവർ നേരിടുന്ന മോശം അനുഭവങ്ങളിൽ നിന്നും രക്ഷനേടുക എന്നത് പ്രയാസകരമാണ്. അവർ നിർഭാഗ്യവതികളാണ്. അവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരിക എന്നത് പ്രയാസകരമാണെന്നും റഹാഫ് പറഞ്ഞു.
തനിക്ക് പിന്നാലെ സൗദിയിൽ നിന്നും കൂടുതൽ സ്ത്രീകൾ മറ്റ് രാജ്യങ്ങളിലേക്ക് അഭയം തേടിയേക്കാം. അവർക്ക് മികച്ച പിന്തുണ നൽകുകയാണ് വേണ്ടത്. അവൻ പിന്നിടുന്നത് സഹിക്കാൻ അത്രമേൽ പ്രയാസമുള്ള സാഹചര്യങ്ങളായിരിക്കാമെന്നും റഹാഫ് വ്യക്തമാക്കി.
കുവൈറ്റിൽ നിന്നും ഒാസ്ട്രേലിയയിലേക്ക് കടക്കുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായ റഹാഫ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. #SaveRahaf movement ന് ഏറെ പിന്തുണ ലഭിച്ചു. നിരവധിയാളുകൾ റഹാഫിന് വേണ്ടി വാദിച്ചു. റഹാഫിനെ സൗദിയിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ച തായ് പൊലീസിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നതോടെ പിൻവാങ്ങേണ്ടി വരികയായിരുന്നു. തുടർന്ന് കാനഡ റഹാഫിന് അഭയം നൽകി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് റഹാഫ് കാനഡയിൽ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here