Advertisement

കൊലപതാകമടക്കം 200ലേറെ കേസുകൾ; ഷാറുഖ് ഖാനെ വരെ വിറപ്പിച്ച അധോലോക നായകൻ; ക്രൂരകൃത്യങ്ങൾ വിനോദമാക്കിയ രവി പൂജാരിയുടേത് സൈക്കോ സിനിമകളെ പോലും വെല്ലുന്ന ജീവിതകഥ

February 4, 2019
Google News 1 minute Read

കൊച്ചി പനമ്പള്ളി നഗറിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന നെയിൽ ആർട്ടിസ്ട്രിക്ക് നേരെയുണ്ടായ വെടിവെപ്പിലൂടെയാണ് മറന്നു തുടങ്ങിയിരുന്ന മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേര് നാം വീണ്ടും കേട്ടത്. പതിനഞ്ച് കൊല്ലമായി രാജ്യംവിട്ട് ഒഴിലിൽ കഴിയുകയായിരുന്ന രവി പൂജാരി കേരളാ പോലീസിന്റെ വലയിലാവുമ്പോൾ വർഷങ്ങളായി തെളിയാത്ത നിരവധി കൊലപാതകങ്ങൾക്കും അധേലോക പ്രവർത്തനങ്ങൾക്കും കൂടിയാണ് ഉത്തരം ലഭിക്കുക.

കൊലപാതകം അടക്കം 200 ലേറെ കേസുകളിൽ പ്രതിയാണ് രവി പൂജാരി. മുംബൈ അധോലോകം അടക്കി വാണിരുന്ന രവി പൂജാരി ഷാറുഖ് ഖാൻ, സൽമാൻ ഖാൻ അടക്കമുള്ള ബോളിവുഡ് താരരാജാക്കമാരുടെ വരെ പേടിസ്വപ്‌നമായിരുന്നു. ക്രൂരകൃത്യങ്ങൾ വിനോദമാക്കിയ രവി പൂജാരിയുടേത് സൈക്കോ സിനിമകളെ പോലും വെല്ലുന്ന ജീവിതകഥയാണ്.

ഉഡുപ്പി ജില്ലയിലെ മാൽപെ എന്ന തീരദേശ ഗ്രാമത്തിലാണ് രവി പൂജാരിയുടെ ജനനം. ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന രവി പൂജാരിയുടെ അച്ഛൻ സൂര്യ പൂജാരി അഞ്ച് വർഷം മുമ്പാണ് മരിക്കുന്നത്. കർണാടകയിലാണ് ജനനമെങ്കിലും രവി പൂജാരി വളർന്നതെല്ലാം മുംബൈ തെരുവുകളിലായിരുന്നു. 1990 ൽ അന്ധേരിയിൽ നടന്ന കൊലപാതകത്തോടെയാണ് മുംബൈയിൽ രവി പൂജാരിയുടെ പേര് കേട്ട് തുടങ്ങിയത്. ദാവൂദ് ഇബ്രാഹീമിന്റെ വലം കയ്യായ ഛോട്ടാ രാജന്റെ കയ്യാളായതോടെ മുംബൈ തെരുവുകളിൽ ഭീതിയുടെ കോട്ട കെട്ടി അടക്കി വാഴാൻ തുടങ്ങി രവി പൂജാരി.

‘ഹിന്ദു ഡോൺ’ എന്നാണ് രവി പൂജാരി അറിയപ്പെട്ടിരുന്നത്. മുസ്ലീം മതവിശ്വാസികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് രവി പൂജാരിക്ക് അത്തരത്തിലൊരു പേര് ലഭിച്ചത്. ഹിന്ദു ബിസിനസ്സുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നുവെങ്കിലും അവയിലെല്ലാം വർഗീയത നിഴലിച്ചിരുന്നുവെന്ന് കർണാടക പോലീസ് ഓഫീസർ പറയുന്നു.

ബംഗലൂരുവിൽ 2001 ൽ നടന്ന വെടിവെപ്പാണ് രവി പൂജാരയ്‌ക്കെതിരെ ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസ്. ഷബ്‌നം ഡെവലപ്പേഴ്‌സ് സ്ഥാപകൻ സുബ്ബരാജുവാണ് അന്ന് കൊല്ലപ്പെട്ടത്.
കെ സൈമുള്ളയെ വധിക്കാനായിരുന്നു സത്യത്തിൽ പദ്ധതിയിട്ടിരുന്നത്.

Read More : രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ

‘മുസ്ലീം അധോലോകം’ആയി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. പിന്നീട് 2008 ൽ ഹഫ്ത നൽകിയില്ലെന്ന കാരണത്തിന് മംഗലൂരുവിലെ എച്എംഎൽ ഷിപ്പിംഗ് ഉടമയെ വെടിവെച്ചുകൊന്നു. അദ്ദേഹവും ഒരു മുസ്ലീം ആയിരുന്നു. ഇതിന് ശേഷം മുസ്ലാം ബിസിനസ്സുകാർക്കിടയിൽ രവി പൂജാരി പേടിസ്വപ്‌നമായി. രവി പൂജാരിയുടെ ഓരോ ഫോൺ കോളിലും ഭയന്നുവിറച്ച ഇവർ ലക്ഷങ്ങളും കോടികളും രവി പൂജാരിയുടെ അധോലോക സംഘത്തിലേക്ക് ഒഴുക്കി. ഇക്കാര്യം പോലീസിൽ അറിയിക്കാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിരുന്നില്ല.

ഛോട്ടാ ഷക്കീലിന്റെ തണലിൽ നിന്നും മാറി ഒറ്റയ്ക്ക് ഒരു അധോലോക സാമ്രാജ്യം കെട്ടിപടുക്കാൻ വളരെ വേഗമ തന്നെ രവി പൂജരയ്ക്കായി. 2008 ന് ശേഷം പിന്നീട് രവി പൂജാരി കളംമാറ്റി ചുവട്ടി. ഓപ്പറേഷനുകളിലെ വർഗീയ ചുവ മാറ്റിപ്പിടിച്ചു. 2009 ലാണ് ബോളിവുഡ് ലോകത്തെ നടുക്കിയ വെടിവെപ്പ് നടക്കുന്നത്. ബോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ യുടിവിയുടെ ഓഫീസിൽ വെടിവെപ്പുണ്ടായി. മഹേഷ് ഭട്ട്, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, അർജീത് സിംഗ്, സഞ്ജയ് കപൂർ, ബോണി കപൂർ, യഷ് ചോപ്ര, കരൺ ജോഹർ, വിവേക് ഒബ്‌റോയ്, പ്രീതി സിൻഡയുടെ മുൻ കാമുകൻ നെസ് വാഡിയ, അക്ഷയ് കുമാർ, ഫർഹാൻ അക്തർ എന്നിങ്ങന നിരവധി ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പിന്നീട് 2010 ൽ ബംഗലൂരുവിലെ മന്ത്രി ഡെവലപ്പേഴ്‌സിലും വെടിവെപ്പുണ്ടായി. 2014 ൽ ഭാരതി ബിൽഡേഴ്‌സിന് നേരെയും വെടിവെപ്പുണ്ടായിട്ടുണ്ട്. 2015 ഒക്ടോബറിൽ കെ അഭയചന്ദ്ര, രാമനാഥ റായ് എന്നിങ്ങനെ രണ്ട് കർണാടക മന്ത്രിമാരെയും രവി പൂജാരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മന്ത്രി തൻവീർ സേട്ടിനെ ഭീഷണിപ്പെടുത്തി 10 കോടി ആവശ്യപ്പെട്ടുവെന്നും രവി പൂജാരിക്കെതിരെ കേസ് ഉണ്ട്.

കർണാടകയിൽ മാത്രം രവി പൂജാരിക്കെതിരെ 98 കേസുകളാണ് ഉള്ളത്. അതിൽ 46 എണ്ണം ബംഗലൂരുവിലും 47 എണ്ണം മറ്റ് തീരദേശ ജില്ലകളിലുമാണ്. ബർകീന ഫസോവിൽ ആന്റണി ഫർനാൻഡസ് ന്നെ വ്യാജ മേൽവിലാസത്തിൽ ഏറെ നാൾ ഒളിവിൽ കഴിഞ്ഞു രവി പൂജാരി. പതിനഞ്ച് കൊല്ലമായി രാജ്യംവിട്ട് ഒഴിലിൽ കഴിയുകയായിരുന്ന രവി പൂജാരി കേരളാ പോലീസിന്റെ വലയിലാവുമ്പോൾ വർഷങ്ങളായി തെളിയാത്ത നിരവധി കൊലപാതകങ്ങൾക്കും അധേലോക പ്രവർത്തനങ്ങൾക്കും കൂടിയാണ് ഉത്തരം ലഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here