പുല്‍വാമ ചാവേറിനൊപ്പം രാഹുല്‍ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

പുല്‍വാമയില്‍ സൈനികര്‍ക്കെതിരെ ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദിന്റേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും ചിത്രം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ‘വണ്‍സ് എഗെയ്ന്‍ മോദി രാജ് 2019’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രഗ്നേഷ് ജാനി എന്നയാളാണ് ചിത്രം പോസ്റ്റു ചെയ്തത്. ചിത്രം ഇതിനോടകം 260 തവണ ഷെയര്‍ ചെയ്യപ്പെട്ടു.
പുല്‍വാമയില്‍ സൈനികരെ കൊലപ്പെടുത്തിയ ചാവേറിന് രാഹുല്‍ ഗാന്ധിയുമായി ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്നും ചിത്രത്തിന് താഴെ അടിക്കുറിപ്പുണ്ട്. ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ വേറെ ചര്‍ച്ചയൊന്നുമില്ലെന്നും ഈ ദുര്‍ഘട നിമിഷത്തില്‍ താന്‍ സര്‍ക്കാരിനും ജവാന്മാര്‍ക്കും ഒപ്പമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇതിനിടെയാണ് രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തെക്കന്‍ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ 22 കാരന്‍ ആദില്‍ അഹമ്മദായിരുന്നു ജെയ്‌ഷെ മുഹമ്മദിന് വേണ്ടി ചാവേറായത്. ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here