Advertisement

ബിഹാർ രാഷ്ട്രീയത്തിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ

January 26, 2024
Google News 1 minute Read
Political dramas again in Bihar politics

ബിഹാർ രാഷ്ട്രീയത്തിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ. നിതീഷ് കുമാർ വീണ്ടും എൻഡിഎ മുന്നണിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. എല്ലാ ജെഡിയു എംഎൽഎമാരോടും പട്നയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പട്നയിൽ ജെഡിയുവും ആർജെഡിയും നിർണായക നേതൃയോഗങ്ങൾ ചേർന്നു. പ്രശ്നം പരിഹരിക്കാൻ ലാലു പ്രസാദ് യാദവ് നിതീഷ് കുമാറുമായി സംസാരിച്ചു.

സോഷ്യലിസ്റ്റ് നേതാവ് കർപ്പൂരി താക്കൂറിന് കേന്ദ്രസർക്കാർ ഭാരതരത്‌ന പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഹാർ രാഷ്ട്രീയം വീണ്ടും കലുഷിതമായത്. താനും കർപ്പൂരി താക്കൂറും കുടുംബ രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ചവരല്ല, എന്നാൽ അതിനായി മാത്രം പ്രവർത്തിക്കുന്ന ചിലരുണ്ടെന്ന് ലാലു പ്രസാദ് യാതവിനെ ഉന്നം വെച്ച് നിതീഷ് കുമാറിൻ്റെ ഒളിയമ്പ്.

കാറ്റ് പോലെ രാഷ്ട്രീയം മാറുന്ന നേതാവാണ് നിതീഷെന്ന് ലാലുവിൻ്റെ മകൾ രോഹിണി ആചാര്യ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷുമായി ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി ജെഡിയു നേതാവ് കെ.സി ത്യാഗിയുമായി ഫോണിൽ സംസാരിച്ചു. എല്ലാ ജെഡിയു എംഎൽഎമാരെയും പട്നയിലേക്ക് വിളിപ്പിച്ചു എന്നാണ് വിവരം.

പ്രശ്നം പരിഹരിക്കാൻ ലാലു പ്രസാദ് യാദവ് നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചു. വൈകിട്ട് നിതീഷിൻ്റെ വീട്ടിൽ ജെഡിയു ഉന്നത നേതാക്കളും, ആർജെഡി നേതൃത്വം റാബ്രി ദേവിയുടെ വീട്ടിലും യോഗം ചേർന്നു. എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള സാധ്യതകളും ആർജെഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിഹാറിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, സാമ്രാട്ട് ചൗദരി, സുശീൽ കുമാർ മോദി എന്നിവരെ ബിജെപി നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

Story Highlights: Political dramas again in Bihar politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here