Advertisement

കേരള സര്‍വകലാശാല വി.സിയെ വിമര്‍ശിച്ച ബ്രിട്ടാസിന്റെ പ്രസംഗത്തില്‍ ഐന്‍സ്റ്റീന്‍ കടന്നുവന്നത് എങ്ങനെ? അതൊരു പഴയ കഥ

April 17, 2024
Google News 3 minutes Read
Albert Einstein and Kerala university John Brittas speech

കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ എതിര്‍പ്പ് മറികടന്ന് എംപ്ലോയിസ് യൂണിയന്‍ പ്രഭാഷണ പരമ്പരയില്‍ ജോണ്‍ ബ്രിട്ടാസ് എംപി പങ്കെടുക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ബ്രിട്ടാസിനെ തടയണമെന്നാവശ്യപ്പെട്ട് വിസി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. വിസിയുടേത് ധാര്‍ഷ്ഠ്യവും ദാസ്യവേലയുമാണെന്ന് വിമര്‍ശിച്ച എംപി തന്റെ പ്രസംഗത്തില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായാണ് വി.സിയെ താരതമ്യപ്പെടുത്തി സംസാരിച്ചത്. വിസിക്കെതിരായ ബ്രിട്ടാസിന്റെ വിമര്‍ശനത്തില്‍ ഐന്‍സ്റ്റീന്‍ കടന്നുവന്നതിന് ഒരു കാരണമുണ്ട്.(Albert Einstein and Kerala university John Brittas speech)

വര്‍ഷം 1937. അന്നത്തെ തിരുവിതാംകൂറില്‍ തലയെടുപ്പോടെ ഉയര്‍ന്നുവന്ന്, ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ പ്രധാന ഏടായി മാറിയ കേരള സര്‍വകലാശാലയാണ് കഥയ്ക്ക് ആധാരമായ വേദി. ‘തിരുവിതാംകൂര്‍ സര്‍വകലാശാല’യ്ക്ക് ആദ്യമായി ഒരു വൈസ് ചാന്‍സലര്‍ വേണം. ആരാകും ആ വിസി? ‘തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ വിസിയായി പരിഗണിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെയാണ്. പ്രതിമാസ ശമ്പളമായി നല്‍കാന്‍ തീരുമാനിച്ചത് അന്നത്തെ ആറായിരം രൂപയും!.

Read Also: എന്താണ് ഇന്ത്യക്ക് മാലിദ്വീപ്? മുറിച്ചെറിയാൻ ഒരുങ്ങുന്ന ഇന്ത്യ-മാലിദ്വീപ് ബന്ധം

ആധുനിക ഫിസിക്‌സിന്റെ പിതാവായ, ലോകമറിയുന്ന പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ പക്ഷേ ആ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലേക്ക് പോകാനിരിക്കുകയായിരുന്നു ഐന്‍സ്റ്റീന്‍. അന്നത്തെ തിരുവിതാംകൂര്‍ സര്‍വകലാശാല ഇന്ന് കേരള സര്‍വകലാശാലായി മാറുകയും ചെയ്തു.

ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ തീരുമാനം അനുസരിച്ചാണ് ഐന്‍സ്റ്റീനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നതെന്ന് ചരിത്രകാരന്‍ പ്രൊഫസര്‍ എ എസ് പറയുന്നുണ്ട്. തിരുവിതാംകൂറിന്റെ ഒടുവിലത്തെ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ ഐന്‍സ്റ്റീനെ ക്ഷണിക്കാനായിരുന്നു നീക്കങ്ങള്‍. ഐന്‍സ്റ്റീനെപ്പോലുള്ള ശാസ്ത്രജ്ഞന്റെ വരവ് നാടിന്റെയും സര്‍വകലാശാലയുടെയും പ്രസിദ്ധി ഉയര്‍ത്തുമെന്ന് ദിവാന്‍ സിപി ദീര്‍ഘവീക്ഷണം കണ്ടു. തിരുവിതാംകൂര്‍ സര്‍വകലാശാലയ്ക്ക് വേണ്ടി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെ മാത്രമല്ല ലോകപ്രശസ്തരായ പലരെയും എത്തിക്കാന്‍ സിപി ശ്രമം നടത്തിയിരുന്നെന്ന് ചരിത്രകാരന്‍ എം ജി ശശിബുദ്ധനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐന്‍സ്റ്റീന്‍ ക്ഷണം നിരസിച്ചപ്പോള്‍ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ സര്‍വകലാശാലയുടെ ചാന്‍സലറും രാജ്ഞി സേതു പാര്‍വ്വതി ഭായി പ്രോ ചാന്‍സലറും ദിവാന്‍ സിപി വൈസ് ചാന്‍സലറാകുകയും ചെയ്തു.

Read Also: ലോട്ടറി മുതൽ ഇലക്ടറൽ ബോണ്ട് വരെ; സാൻ്റിയാഗോ മാർട്ടിൻ എന്നും വിവാദനായകൻ

ജനാധിപത്യവും വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലാണ് ജോണ്‍ ബ്രിട്ടാസ് എംപിയെ കേരള സര്‍വകലാശാലയിലെ ഇടത് അനുകൂല സംഘടന പ്രഭാഷണ പരമ്പരയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി പരിപാടി അനുവദിക്കരുതെന്ന് വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വിസിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജോണ്‍ ബ്രിട്ടാസ് ഉച്ചയ്ക്ക് നടന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുകയും ചെയ്തു. ഐന്‍സ്റ്റീനെപ്പോലുള്ളവര്‍ ഇരിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ന് ആ കാഴ്ചപ്പാടിന് വിരുദ്ധമായി ചിന്തിക്കുന്നവരാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു

Story Highlights : Albert Einstein and Kerala university John Brittas speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here