സത്യജിത്ത് റായുടെ ഫലൂദ കഥകള്‍ ഒരിക്കല്‍ക്കൂടി വെള്ളിത്തിരയിലെത്തുന്നു.

സത്യജിത്ത് റായിയുടെ കുറ്റാന്വേഷണ കഥകളായ ഫലൂദ വീണ്ടും പ്രത്യക്ഷപ്പെടുന്നു. മകനും ബംഗാളി സംവിധായകനുമായ സന്ദീപ് റായ് ആണ് രണ്ട് കഥകളായി പ്രസിദ്ധീകരിച്ച ഫലൂദയെ ചേര്‍ത്ത് വെച്ച് ഒറ്റ ചിത്രമായി പുറത്തിറക്കുന്നത്. 2016 ല്‍ ആയിരിക്കും ഫലൂദ വെള്ളിത്തിരയിലെത്തുക. മുംബൈ കേന്ദമായ ഇറോസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സന്ദീപ് റായുടെ ആദ്യ ഫലൂദ ചിത്രം 2003 ല്‍ പുറത്തിറങ്ങിയ ‘ബോംബെയര്‍ ബോംബെറ്റ്’ ആയിരുന്നു. മറ്റൊന്ന് 2014 ല്‍ പുറത്തിറങ്ങിയ ‘ബദ്ഷാഹി അങ്തി’യും. സത്യജിത്ത് റായുടെ ഫലൂദ കഥകള്‍ പറയുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കിയായിരിക്കും പുതിയ ചിത്രം പുറത്തിറങ്ങുക.
ഫലൂദ സീരീസിലെ നായകനായ ഡിറ്റക്ടീവ് പ്രദോഷ് സി. മിത്തറിന്റെ വിളിപ്പേരാണ് ഫലൂദ. ഫലൂദ വീണ്ടും എത്തുമ്പോള്‍ ബദ്ഷാഹി അങ്തിയിലെ നായകന് ആബിര്‍ ചാറ്റര്‍ജി തന്നെയായിരിക്കും ഫലൂദയെ അവതരിപ്പിക്കുക എന്ന് സന്ദീപ് റായ് ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ആബിര്‍ ചാറ്റര്‍ജിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള റായുടെ പുതിയ ചിത്രം മൊഞ്ചോറ ഈ ക്രിസ്മസിന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇറോസ് ഇന്റര്‍നാഷണല്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
1965 ല്‍ കുട്ടികള്‍ക്കായുള്ള ബംഗാളി മാസിക സന്ദേശിലാണ് ഫലൂദ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2 ഫലൂദ ചിത്രങ്ങള്‍ സത്യജിത്ത് റായ് സംവിധാനം ചെയ്തിരുന്നു. റായ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ സൗമിത്ര ചാറ്റര്‍ജിയായിരുന്നു ഫലൂദയെ അവതരിപ്പിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here