Advertisement

കരുണാകരനെ പുകഴ്ത്തി ചാണ്ടിയെ ഇകഴ്ത്തി…

December 23, 2015
Google News 2 minutes Read

ഇന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികമാണ്. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് നിരവധി കമന്റുകളും പ്രസ്ഥാവനകളും ഫേസ്ബുക് പോസ്റ്റുകളുമെല്ലാം വരുന്നുണ്ട്. കരുണാകരനെ ഓര്‍മ്മിക്കാന്‍ മാത്രമല്ല ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിപ്പിക്കാനും പലരും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നുമുണ്ട്.

വീക്ഷണം പത്രമാണ് കരുണാകരനെ പുകഴ്ത്തിയും ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിയും എഡിറ്റോറിയലുമായി രംഗത്തെത്തിയത്. കണ്ണില്ലെങ്കിലേ കണ്ണിന്റെ വിലയറിയൂ എന്ന് കരുണാകരനെ കുറിച്ച് പരാമര്‍ശിക്കുന്ന എഡിറ്റോറിയലില്‍ ഇന്നത്തെ മുന്നണിയുടെ അവസ്ഥയേയും അതുവഴി ഉമ്മന്‍ചാണ്ടിയേയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട് പത്രം.പെരുവഴിയില്‍ കെട്ടിയ ചെണ്ടപോലെ കോണ്‍ഗ്രസിനെ കെട്ടാന്‍ കരുണാകരന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും, അദ്ദേഹത്തെ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനേയും അനുവദിച്ചിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടിയ്ക്കുള്ള താക്കീതായി പറയുന്നു. തലയുള്ളപ്പോള്‍ വാലാടുന്ന രീതി കരുണാകരന്‍ വെച്ച് പൊറുപ്പിച്ചിരുന്നില്ലെന്നും പത്രം പറഞ്ഞ് വെക്കുന്നു.

വീക്ഷണം പത്രത്തിന് പുറമെ ഇന്ന് ചെറിയാന്‍ ഫിലിപ്പും രമേശ് ചെന്നിത്തലയും കരുണാകരനിലൂടെ ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയെ തന്നെ. മുഖ്യമന്ത്രിയായിരിക്കെ കരുണാകരനെ അട്ടിമറിക്കാന്‍ ഭാഗികമായെങ്കിലും കൂട്ട് നില്‍ക്കേണ്ടി വന്നതില്‍ ഗേദ പ്രകടനം നടത്തിയാണ് ചെറിയാന്റെ ഫേസ് ബുക് പോസ്റ്റ്. പോസ്റ്റില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പാണ് കരുണാകരനെ അട്ടിമറിച്ചതെന്നും അദ്ദേഹത്തെ രാജ്യദ്രോഹിയും ചാരനുമായാണ് ചിത്രീകരിച്ചതെന്നും പറയുന്നു. അന്ന് കരുണാകരനെതിരെ കോണ്‍ഗ്രസില്‍നിന്ന് തന്നെ യുദ്ധം പ്രഖ്യാപിച്ചവരില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു.

മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്ഗ്രസ് ഹൈക്കമാണ്ടിനു കുറ്റപത്രം സമര്‍പ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്. കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന 7 എം.എല്‍.എ. മാരെ അടര്‍ത്തിയെടുത്ത് നിയമസഭകക്ഷിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു എന്നും ചെറിയാന്‍ ഫിലിപ് കുറിക്കുന്നു.

ഇന്ന് ലീഡർ കെ കരുണാകരന്റെ അഞ്ചാം ചരമ വാർഷിക ദിനമാണ് – …

Posted by Cherian Philip on Tuesday, December 22, 2015

ഇതേ ചുവടുപിടിച്ചുള്ളതാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റും. കരുണാരന്റെ ഓര്‍മ്മകള്‍ക്ക് മുമ്പത്തേക്കാളും പ്രസക്തിയുണ്ടെന്ന് പറയുന്ന ചെന്നിത്തല ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കരുണാകരന്‍ എന്നും പറയുന്നു. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍.

ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരും തലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ് എന്നും ചെന്നിത്തല പോസ്റ്റില്‍ കുറിക്കുന്നു. എല്ലാം ഉമ്മന്‍ചാണ്ടിയ്ക്കുള്ള പരോക്ഷ വിമര്‍ശനങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലുള്ള പരാജയം ചൂണ്ടി കാട്ടി ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചു എന്നത് ചര്‍ച്ചയായി ഇപ്പോഴും കോണ്‍ഡഗ്രസിനുള്ളില്‍തന്നെ നിലനില്‍ക്കെയാണ് ഇത്തരം പരോക്ഷ പരാമര്‍ശങ്ങള്‍.

ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമ…

Posted by Ramesh Chennithala on Tuesday, December 22, 2015

പുതിയ തലമുറയ്ക്ക് അവസരം നല്‍കിയ നേതാവാണെന്നാണ് കരുണാകരനെ ഉമ്മന്‍ചാണ്ടി അനുസ്മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here