രാഷ്ട്രീയ രംഗത്ത് സുഹൃത് ബന്ധം നോക്കി വിമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല: ജഗദീഷ്

ഒരു താരപ്പോരാട്ടം തന്നെയാണ്.ഇത്രയും നാള്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ ഇപ്പോള്‍ രാഷ്ട്രീയമായി വളരെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു മുഖം പ്രതീക്ഷിച്ചിരുന്നോ?
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സുഹൃത്ബന്ധം ഒന്നിനും തടസ്സമാകാന്‍ പാടില്ല.

ഞാന്‍ ഇവിടെ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്. സുഹൃത്തായതുകൊണ്ട് മാത്രം അതെല്ലാം ഞാന്‍ ഉന്നയിക്കാതെ ഇരുന്നാല്‍ അത് ഞാന്‍ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചനയായിരിക്കും.

ഞാന്‍ ശരിയായി പഠിച്ച ശേഷമാണ് പറയുന്നത്, എന്റെ എതിര്‍സ്ഥാനാര്‍ത്ഥി കഴിഞ്ഞ കുറേ വര്‍ഷമായി ഈ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇവിടെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോലും മുഴവന്‍ സമയവും പ്രവര്‍ത്തിക്കുന്നില്ല. പാര്‍ടൈം ആയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യങ്ങളോടെയാണ് . ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോലും അപ്ഗ്രേഡ് ചെയ്യപ്പെട്ടിട്ടില്ല. ഒരു വ്യവസായ സ്ഥാപനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. പട്ടയത്തിന്റെ പ്രശ്നങ്ങള്‍ പോലും പരിഹരിച്ചിട്ടില്ല.

റോഡുകളുടേയും ഗതാഗത സംവിധാനങ്ങളുടേയും പേരില്‍ അവസാനിക്കാത്ത പരാതികളാണ് ഇപ്പോഴും ഉള്ളത്. ഇതെല്ലാം ഞാന്‍ ചൂണ്ടിക്കാണിക്കാതെ ഇരുന്നാല്‍ ശരിയാകില്ല. രാഷ്ട്രീയ രംഗത്ത് സുഹൃത് ബന്ധം നോക്കി വിമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല. ചെയ്യാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു അത്രയേ ഞാന്‍ ചെയ്യുന്നുള്ളൂ.

ഗണേഷ് കുമാര്‍ അഞ്ചുവര്‍ഷത്തിന്റെ അവസാനം വരെ യുഡി എഫിനോടൊപ്പം ആയിരുന്നു. അപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നു എന്നാണോ പറഞ്ഞു വരുന്നത്?
തീര്‍ച്ചയായും. ഞാന്‍ അത് തന്നെയാണ് പറയുന്നത്. ദാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും എതിരെ വോട്ട് ചെയ്യണം എന്ന് ഞാന്‍ പറയുന്നത് അത് കൊണ്ടാണ്. യുഡി എഫ് ക്യാമ്പിലായിരുന്നപ്പോള്‍ പോലും ഗണേഷ് കുമാറിനെ ജനങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഫോണില്‍ പോലും കിട്ടില്ലായിരുന്നു. അത്തരത്തില്‍ ഒരു വലിയ മതില്‍ അദ്ദേഹത്തിനും ജനങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്നു. ആ മതില്‍ പൊളിക്കാന്‍ കിട്ടുന്ന ഒരു ത്രില്ലിലാണ് ജനങ്ങള്‍ .
മണ്ഡലത്തില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെയാണ്?
വളരെ ആവേശ പൂര്‍ണ്ണമായ ഒരു പ്രതികരണം ആണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. എന്‍റെ കലാജീവിതത്തെയും പൊതുജീവിതത്തെയും കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതിന്റെ ഒരു പ്ലസ് പോയന്റ് എനിക്ക് കിട്ടിയിട്ടുണ്ട്.

ഉത്തരവാദിത്തത്തോടെ എം.എല്‍.എ സ്ഥാനം വഹിച്ചില്ലെങ്കില്‍ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥി നേരിടുന്ന അതേ പ്രശ്നങ്ങള്‍ ഭാവിയില്‍ ഞാനും നേരിടാമെന്ന് അതോടൊപ്പം അവരെന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഞാന്‍ ഉറങ്ങുന്ന എം.എല്‍.എ ആയിരിക്കില്ല. ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ആയിരിക്കും. തെരഞ്ഞെടുക്കുന്നവരുടെ ഒപ്പം ഞാന്‍ എപ്പോഴും ഉണ്ടാകും. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി നിലപാടുകള്‍ മാറ്റുന്ന എം.എല്‍എ. ആയിരിക്കില്ല ഞാന്‍ ഒരിക്കലും.

ആര്‍.ബാലകൃഷ്ണ പിള്ള എന്ന വ്യക്തിത്വത്തിന് ഇവിടെ നല്ല സ്വാധീനം ഉണ്ട്. എന്‍.എസ്.എസുമായുള്ള ബന്ധവും ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറിന് അനുകൂലമായി വരുമെന്ന് കരുതുന്നുണ്ടോ? അത് തരണം ചെയ്യാന്‍ എങ്ങനെയാണ് യുഡിഎഫ് പ്ലാന്‍ ചെയ്തിരിക്കുന്നത്?

എന്‍ എസ് എസിന്റെ നിലപാട് സമദൂരം ആണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്  സമുദായത്തിന് വേണ്ടി ന്യായമായ കാര്യങ്ങള്‍ ചെയ്തതെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അതിന്റെ സ്നേഹവും നന്ദിയും എല്ലാ സമുദായിക സംഘടനകള്‍ക്കും യുഡിഎഫിനോട് ഉണ്ടാകും. അത് എനിക്ക് ഗുണകരമായി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നെ ആര്‍. ബാലകൃഷ്ണ പിള്ള, അദ്ദേഹത്തിന്റെ വോട്ട് പോലും എനിക്ക് കിട്ടും എന്നാണ് എന്റെ വിശ്വാസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top