Advertisement

സ്വദേശി വത്കരണം; സൗദി മൊബൈൽ ഫോൺ കടകളിൽ ഇന്നുമുതൽ സ്വദേശികൾ

June 6, 2016
Google News 0 minutes Read

മൊബൈൽ ഫോൺ കടകളിൽ പകുതി ജീവനക്കാർ സ്വദേശികളായിരിക്കണമെന്ന തൊഴിൽ വകുപ്പ് തീരുമാനം ഇന്നു മുതൽ നടപ്പിലാക്കുന്നു. റമദാൻ ആദ്യ ദിനം മുതൽ മൊബൈൽ കടകളിലെ പകുതി ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും സ്വദേശികളാകണം. സെപ്റ്റംബർ മുതൽ മുഴുവൻ പേരും സൗദികളായിരിക്കണം എന്നതാണ് തീരുമാനം. ഇതോടെ നിരവധി ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ജോലി നഷ്ടമാകും.

വിദേശ പൗരൻമാർക്ക് പകരമായി സ്വദേശികളെ കണ്ടെത്തുന്നതിന് തൊഴിൽ വകുപ്പ്, മാനവ വിഭവശേഷി വകുപ്പ് എന്നിവർ പരിശീലനം നൽകിയിരുന്നു. ഇത് പൂർത്തിയാക്കിയ 34,218 സൗദികൾ, വിദേശീയർക്ക് പകരമായി ഇന്നു മുതൽ ജോലിയിൽ പ്രവേശിച്ചു തുടങ്ങും.

ഇതിൽ 21,844 പേർ യുവാക്കളും 12,374 പേർ യുവതികളുമാണ്. നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്താൻ വിപുലമായ പരിശോധനാ സംവിധാനവും ഈ വിഷയത്തിൽ പൊതു ജനങ്ങൾക്ക് പരാതി നൽകാൻ ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് മൊബൈൽ കടകളിൽ പ്രായോഗിക പരിശീലനം നൽകുന്ന പദ്ധതിക്കും തുടക്കമായി.

നാല് മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മൊബൈൽ വിപണികളിലും പരിശോധന കർശനമാക്കും. പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും ഉദ്യോഗസ്ഥരുടെ പരിശോധന. ഇനിയും പരിശീലനം നേടാൻ താൽപര്യമുള്ള സ്വദേശികൾക്ക് അതിനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്.

നിയമലംഘകരെ കണ്ടെത്തിയാൽ പിഴയും ശിക്ഷയും നൽകും. 20,000 റിയാലാണ് ഏറ്റവും കുറഞ്ഞ പിഴ. ഒപ്പം കട അടച്ചു പൂട്ടുകയും അതിനുപുറമേ ജോലിയിലുള്ള വിദേശി തൊഴിലാളികളെ നാടുകടത്തുമെന്നും
ഔദ്യോഗിക വക്താവ് ഖാലിദ് അബ അൽഖൈൽ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here