മലാപ്പറമ്പ് സ്കൂളിന് ഇന്ന് പൂട്ടുവീഴുമോ ?

കൊണ്ടോട്ടിയിലെ മാങ്ങാട്ടുമുറി എ എൽ പി സ്കൂൾ പൂട്ടിയതിനു പിന്നാലെ മലാപ്പറമ്പ് സ്കൂളിനും ഇന്ന് പൂട്ട് വീഴും. ജൂൺ എട്ടിന് മുമ്പ് സ്കൂൾ അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചതോടെ സ്കൂൾ അടച്ചു പൂട്ടുമെന്ന കാര്യത്തിൽ തീരുമാനം ആയിരുന്നു. എന്നാൽ സ്കൂൾ അടച്ചു പൂട്ടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടേയും സമരസമിതിയുടേയും നിലപാട്.
സ്കൂൾ അടച്ചുപൂട്ടാൻ എത്തുന്നവരെ തടയൻ വൻ ജനക്കൂട്ടംതന്നെയാണ് എത്തിയിരിക്കുന്നത്. ആയിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധം ശക്തമാക്കുമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ സമരസമിതിയും നാട്ടുകാരും ചേർന്ന് തീരുമാനിച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സ്കൂൾ പൂട്ടാൻ അനുവദിക്കില്ലെന്നുതന്നെയാണ് ഇവരുടെയും നിവപാട്.
നൂറിലേറെ വർഷം പഴക്കമുള്ള സ്കൂൾ പൂട്ടുന്നതോടെ 75 കുട്ടികളുടെ പഠിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത്. മറ്റ് സ്കൂളുകളിൽ ഈ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനി മറ്റൊരു സ്കൂളിലേക്ക് ഈ വിദ്യാർത്ഥികളെ മാറ്റുക എളുപ്പമാകില്ല. അതേ സമയം 5 ഭിന്നശേഷിയുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ അവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. നാളെ വിദ്യാലയം തുറന്നു പ്രവർത്തിപ്പിക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here