വെൽഡൺ പ്രൊഫസർ

മലാപ്പറമ്പ് ഉൾപ്പെടെ നാല് സ്‌കൂളുകളെ അടച്ചുപൂട്ടലിൽനിന്ന് രക്ഷപെടുത്തുവാൻ മന്ത്രിസഭ കൈക്കൊണ്ട നിലപാട് വിപ്ലവാത്മകമാണ്. ചട്ടങ്ങളെയും , നിയമങ്ങളെയും മുറുകെപ്പിടിച്ച് കോടതികൾ സാധാരണക്കാരന്റെ വിദ്യാഭ്യാസാവകാശത്തിനുമേൽ കുതിര കയറുമ്പോൾ, അതിനെ ചെറുത്തുനിൽക്കുവാനുള്ള ആർജ്ജവം കാട്ടിയ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ബിഗ് സല്യൂട്ട് നൽകേണ്ടിയിരിക്കുന്നു. സ്‌കൂൾ ഏറ്റെടുക്കുവാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെവരെ ഹൈക്കോടതി ചോദ്യം ചെയ്യുമ്പോൾ, നിയമ പീഠത്തിന്റെ സാമൂഹ്യ ബോധത്തെ സംശയത്തോടെ കാണേണ്ടി വരും.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല നിരവധി അഴിച്ചുപണികൾക്ക് വിധേയമാകേണ്ടതുണ്ട്. വിദ്യാഭ്യാസ മുതലാളിമാർക്ക് കീഴ്‌പ്പെട്ട് , പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണക്കാരന് അപ്രാപ്യമാക്കിത്തീർത്തതിന്റെ ഉത്തരവാദിത്വം കേരളം ഭരിച്ച ഇരുമുന്നണികൾക്കുമുണ്ട്. സ്ഥാപിത താത്പര്യങ്ങളെ ഭയപ്പെടാത്ത ജനകീയമായൊരു വിദ്യാഭ്യാസ സമ്പ്രദായം ഉടലെടുക്കേണ്ട കാലമാണിത്. അതിനുള്ള ആദ്യ ചുവടുവെയ്പാകണം സർക്കാരിന്റെ ഇന്നത്തെ തീരുമാനം. ഈ വിഷയത്തിൽ ജനങ്ങളെ മാത്രമേ ഭയപ്പെടേണ്ടതുളളു. സാമൂഹ്യബോധമില്ലാത്ത കോടതികൾ വഴിമാറി നിൽക്കട്ടെ.