Advertisement

അറിയാമോ ഐശ്വര്യയെ???

July 7, 2016
Google News 0 minutes Read

ഒഡീഷയിലെ ഒരു പിന്നോക്ക ഗ്രാമത്തിലായിരുന്നു രതികണ്ഠ പ്രധാന്റെ ജനനം. പതിനൊന്ന് വയസ് വരെ അവൻ ആൺകുട്ടിയായിരുന്നു.എന്നാൽ,ആ പ്രായത്തിൽ അവൻ തിരിച്ചറിഞ്ഞു,തന്നിൽ ഒരു പെൺകുട്ടി ഉണ്ടെന്ന്.ജനനസമയത്ത് തിരിച്ചറിയപ്പെടുന്ന ലൈംഗിക അസ്തിത്വം മാറ്റങ്ങൾക്കു വിധേയമാണെന്ന് അവൻ മനസിലാക്കി. പക്ഷേ,സമൂഹം അതുൾക്കൊള്ളാൻ തയ്യാറായില്ല.

അപമാനവും പരിഹാസവും നിറഞ്ഞതായിരുന്നു പിന്നീടുള്ള സ്‌കൂൾ ദിനങ്ങൾ. അധ്യാപകർ പോലും കണ്ടത് ആണും പെണ്ണും കെട്ടവൻ എന്ന അറപ്പോടെ. കോളേജ് ജീവിതമായപ്പോഴേക്കും അനുഭവങ്ങളുടെ തീച്ചൂളയിലൂടെ നടന്ന് രതികണ്ഠൻ ശക്തിയാർജിച്ചിരുന്നു.എന്നിട്ടും,ഹോസ്റ്റൽ മുറിയിലിട്ട് റൂംമേറ്റ് പിച്ചിച്ചീന്തുമ്പോൾ നിശ്ശബ്ദനാവാനേ കഴിഞ്ഞുള്ളു. പരസ്യമായി പരിഹസിക്കുമ്പോഴും തനിയെകിട്ടുമ്പോൾ ചൂഷണം ചെയ്യുന്നവരുടെ മുഖം അവനെ ഞെട്ടിച്ചു.ഭുവനേശ്വറിലെ ആ കോളേജ് ദിനങ്ങൾ മാനസികമായി വലിയ മാറ്റങ്ങളിലേക്കാണ് രതികണ്ഠനെ നയിച്ചത്.

പിന്നെ ലക്ഷ്യം സിവിൽ സർവ്വീസായിരുന്നു. 2010ൽ ആ സ്വപ്‌നം സാക്ഷാത്കരിക്കുമ്പോൾ രാജ്യത്തെ ആദ്യത്തെ ഭിന്നലിംഗക്കാരിയായ സിവിൽ സർവന്റായി രതികണ്ഠൻ.അപേക്ഷാഫോമിൽ രതികണ്ഠ പ്രധാൻ,പുരുഷൻ എന്ന് എഴുതിച്ചേർക്കുമ്പോൾ തന്റെ അസ്തിത്വം നുറുങ്ങുന്നത് അറിയുന്നുണ്ടായിരുന്നു.പക്ഷേ,ആണും പെണ്ണും എന്നല്ലാതെ വേറൊരു കോളം അതിൽ ഉണ്ടായിരുന്നില്ലല്ലോ!!aishvarya-pradahn

2014 ഏപ്രിൽ 15 വരെ രതികണ്ഠൻ ഐ എ എസ് ആയിത്തുടർന്നു. അന്നാണ് സുപ്രീം കോടതിയുടെ ആ ചരിത്രപ്രധാന വിധി വന്നത്.പുരുഷനെന്നും സ്ത്രീയെന്നും അല്ലാതെയുള്ള ലൈംഗീകാവസ്ഥയ്ക്ക് ഭരണഘടനാധികാരം നല്കിക്കൊണ്ടുള്ള വിധി. പിന്നെ താമസിച്ചില്ല. താനൊരു ഭിന്നലിംഗക്കാരിയാണെന്ന് പുറംലോകത്തെ അറിയിച്ചു.
സാരി ഞൊറിഞ്ഞുടുത്ത്,ആഭരണങ്ങളണിഞ്ഞ് അവൻ അവളായി മാറി. രതികണ്ഠ പ്രധാൻ അങ്ങനെ ഐശ്വര്യ ഋതുപർണ പ്രധാനായി. ആദ്യമൊക്കെ മുറുമുറുപ്പുകളായിരുന്നു പ്രതികരണം. എന്നാൽ ഐഎഎസ് എന്ന പദവി അവൾക്ക് തുണയായി. അതിശയോക്തിയും ഒറ്റപ്പെടുത്തലും വളരെവേഗം ബഹുമാനത്തിലേക്ക് വഴിമാറി.മേലുദ്യോഗലസ്ഥർക്ക് ഇപ്പോൾ ഈ ഉദ്യോഗസ്ഥ ഐശ്വര്യയാണ്. കീഴുദ്യോഗസ്ഥർക്ക് മേഡവും. മുമ്പ് ഇവർ സർ എന്നാണ് വിളിച്ചിരുന്നതെന്ന് ചിരിയോടെ ഐശ്വര്യ പറയുന്നു.പൊതുഭരണത്തിൽ ബിരുദാനന്തബിരുദവും ജേർണലിസം ഡിപ്ലോമയും യോഗ്യതയുള്ള ഐശ്വര്യ ഇപ്പോൾ ഒഡീഷയിലെ ധനകാര്യ വകുപ്പിലാണ് ജോലി ചെയ്യുന്നത്.

സുപ്രീംകോടതി വിധിയെ അടിസ്ഥാനപ്പെടുത്തി തന്റെ സർവ്വീസ് രേഖകളിലും തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഐശ്വര്യ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. ഐശ്വര്യ ഋതുപർണപ്രധാൻ എന്ന വനിതയാണ് ഞാൻ എന്ന സത്യവാങ്മൂലം സഹിതമാണ് ഹർജി ഫയൽ ചെയ്തത്. അനുകൂല ഉത്തരവിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇവരിപ്പോൾ.ഐശ്വര്യ ഒരു പ്രചോദനമാണ്,ഭിന്നലിംഗക്കാരിൽ നിന്നും സിവിൽസർവ്വീസ് എന്ന സ്വപ്‌നം കാണുന്നവർക്ക്. പിന്നെ സമൂഹത്തിനുള്ള വലിയൊരു സന്ദേശവും. ഭിന്നലിംഗത്വം ഒരു രോഗമല്ല,കേവലം ഒരു ജീവിതാവസ്ഥ മാത്രമാണെന്ന വലിയ സന്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here